abhijith

തിരുവനന്തപുരം: കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കരമനയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരമന നെടുങ്കാട് റോഡ് ആറന്നൂരിൽ ടി.സി. 21/ 394 (1) ൽ രതീഷ് കുമാറിന്റെയും മഞ്ജുവിന്റെയും ഏക മകൻ എം.ആർ.അഭിജിത്തിന്റെ (17) മൃതദേഹമാണ് ഇന്നലെ വൈകിട്ട് 3.30ഓടെ സൗത്ത് ശാസ്ത്രിനഗർ റോഡിന് സമീപം ആറ്റിൽ നിന്ന് കരമന പൊലീസ് കണ്ടെടുത്തത്. മൃതദേഹം കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന്, പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് നാല് മുതൽ അഭിജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ കരമന പൊലീസിൽ പരാതി നൽകിയിരുന്നു.

കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ വിദ്യാർത്ഥിയാണ് അഭിജിത്ത്. പഠനത്തിൽ മോശമല്ലായിരുന്നിട്ടും പരീക്ഷയിൽ മാർക്ക് കുറയുമോയെന്ന പേടി കുട്ടിയെ അലട്ടിയിരുന്നതായും ഞായറാഴ്ച ഉച്ചയോടെ അച്ഛനും അമ്മയും ആശുപത്രിയിൽ പോയ ശേഷം ഇപ്പോൾ വരാമെന്ന് അച്ഛമ്മയോട് പറഞ്ഞ് പുറത്തേക്ക് പോയതാണ് അഭിജിത്തെന്നും ബന്ധുക്കൾ പറയുന്നു. രതീഷ് കുമാറിനും മഞ്ജുവിനും വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമുണ്ടായ മകനാണ് അഭിജിത്ത്. സംഭവത്തിൽ ദുരൂഹതയില്ലെന്ന് കരമന പൊലീസ് അറിയിച്ചു. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നടക്കും.

ഫോട്ടോ: അഭിജിത്ത്