വെഞ്ഞാറമൂട്: കാട്ടുപന്നികളുടെ ആക്രമണത്തിൽ മനംനൊന്ത് നാട്ടിൻപുറത്തെ കർഷകർ. വെഞ്ഞാറമൂടിനും പനവൂരിനും ഇടയ്ക്കുള്ള പ്രദേശങ്ങളാണ് പന്നിക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രങ്ങൾ. വേനൽക്കാലമായതോടെ പന്നിക്കൂട്ടങ്ങൾ സുലഭമായി ജലം ലഭിക്കുന്ന കൃഷിസ്ഥലങ്ങളിൽ രാത്രിയും പകലും ഒരു പോലെ നാശം വിതച്ചെത്തുകയാണ്.
വ്യാപകമായി നശിച്ച കാർഷിക വിളകൾ നോക്കി നിൽക്കാനേ നിർദ്ധനരായ കർഷകർക്ക് കഴിയുന്നുള്ളു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നട്ടു നനച്ചു വളർത്തി പാകമാക്കിയ വാഴ, മരച്ചീനി, ചേമ്പ്, ചേന, മഞ്ഞൾ, വെറ്റില തുടങ്ങിയവ പന്നിക്കൂട്ടങ്ങൾ കണ്മുന്നിൽ വന്ന് നശിപ്പിക്കുന്നതു കാണുമ്പോൾ പന്നികളെ തൊട്ടു പോകരുതെന്ന സർക്കാരിന്റെ ഉഗ്ര ശാസനമോർത്ത് എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ.
പേരയം, പനയമുട്ടം വനങ്ങളിൽ നിന്നുമാണ് പന്നികൾ ഇവിടേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കല്യാണ മണ്ഡപങ്ങളിലെ ആഹാര അവശിഷ്ടങ്ങളും, ഇറച്ചികടകളിലെയും, പൗൾട്രി ഫാമുകളിലെയും മാലിന്യങ്ങൾ ആൾ പാർപ്പില്ലാത്ത സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പന്നികൾ കൂട്ടമായി ഇവിടേക്ക് എത്തിച്ചേരുന്നതിന് കാരണമാകുന്നു. വനംവകുപ്പും ത്രിതല പഞ്ചായത്തും സംയുക്തമായി ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ‍്യപ്പെടുന്നു.
ആക്രമണകാരികളായി പന്നികൾ
രാത്രികാലങ്ങളിൽ പന്നികൾ വാഹനങ്ങൾക്ക് മുന്നിൽ വന്നു ചാടി ഉണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവങ്ങളാണ്. ബെെക്ക് യാത്രികരടക്കം മരണപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റബർ ടാപ്പിംഗ് തൊഴിലാളികളെ പന്നികൾ ആക്രമിക്കുന്നത് കാരണം നേരം പുലർന്നതിന് ശേഷമാണ് പലരും ടാപ്പിംഗ് ജോലികൾക്ക് പോകുന്നത്.
നശിപ്പിക്കുന്ന കാർഷിക വിളകൾ
വാഴ, മരച്ചീനി, ചേമ്പ്, ചേന, മഞ്ഞൾ, വെറ്റില തുടങ്ങിയവ
പന്നിശല്യം രൂക്ഷമായ പ്രദേശങ്ങൾ
വെള്ളുമണ്ണടി. മേലാറ്റുകുഴി. തേമ്പാമൂട്. കുറ്റിമൂട്. ചുള്ളാളം
പരിഹാരം...വനാതിർത്തികളിൽ സൗരോർജ വേലി സ്ഥാപിക്കുക
കല്യാണമണ്ഡപങ്ങൾ, ഇറച്ചികടകൾ, പൗൾട്രിഫാമുകൾ, ഹോട്ടലുകൾ എന്നിവക്ക് മാലിന്യ സംസ്കരണപ്ലാന്റുകൾ നിർബന്ധമാക്കുക