ലണ്ടൻ : 1958ൽ മ്യൂണിക്കിൽ ഉണ്ടായ വിമാന അപകടത്തിൽ നിന്ന് രണ്ട് സഹതാരങ്ങളെയും ഒരു കുട്ടിയെയും ഗർഭിണിയെയും രക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുട്ബാൾ ടീമിന്റെ മുൻ ഗോൾ കീപ്പർ ഹാരിഗ്രെഗ് അന്തരിച്ചു. 87 വയസായിരുന്നു വടക്കൻ അയർലൻഡിനായി അന്താരാഷ്ട്ര കുപ്പായമണിഞ്ഞ ഹാരി ഒൻപത് വർഷക്കാലം മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും പ്രതിഫലമേറിയ ഗോൾ കീപ്പറായിരുന്ന അദ്ദേഹം 247 മത്സരങ്ങളിൽ ക്ളബിന്റെ വല കാത്തു.
1958ൽ യൂറോപ്യൻ ലീഗ് മത്സരം കഴിഞ്ഞ മടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ളബ് സഞ്ചരിച്ച വിമാനം മ്യൂണിക്കിൽ വച്ച് തകർന്നു വീണപ്പോൾ എട്ട് കളിക്കാരടക്കം 23 പേർ മരിച്ചിരുന്നു. സർ ബേബി ചാൾട്ടൺ, ഡെന്നിസ് വയലറ്റ് എന്നിവരെ രക്ഷിച്ചത് ഹാരിയാണ്.
പരമ്പര ഇംഗ്ളണ്ടിന്
സെഞ്ചൂറിയൻ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യിൽ അഞ്ച് വിക്കറ്റിന് ജയിച്ച് ഇംഗ്ളണ്ട് 2-1ന് പരമ്പര സ്വന്തമാക്കി.
സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 222/6 എന്ന സ്കോർ ഉയർത്തി. എന്നാൽ, അഞ്ച് പന്തുകളും അഞ്ച് വിക്കറ്റുകളും ശേഷിക്കെ ഇംഗ്ളണ്ട് ലക്ഷ്യത്തിലെത്തി. ആദ്യ ട്വന്റി 20യിൽ ദക്ഷിണാഫ്രിക്ക ഒരു റൺസിനും രണ്ടാം മത്സരത്തിൽ ഇംഗ്ളണ്ട് രണ്ട് റൺസിനും ജയിച്ചിരുന്നു.
ഹെൻറിച്ച് ക്ളാസൻ (66), ടെംപ ബൗമ (49), ഡികോക്ക് (35), ഡേവിഡ് മില്ലർ (35) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക 222ലെത്തിയത്. ജോണി ബെർസ്റ്റോ (64), ജോസ് ബട്ലർ (57), ഇയേൻ മോർഗൻ (57) എന്നിവരുടെ തിരിച്ചടിക്കാണ് ഇംഗ്ളണ്ടിന് വിജയം നൽകിയത്.
28 സിക്സുകളാണ് മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത്.
22 പന്തുകളിൽ ഏഴ് സിക്സുകളടക്കം 57 റൺസടിച്ച ഇംഗ്ളണ്ട് ക്യാപ്ടൻ മോർഗനാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സീരീസും.
കൊഹ്‌ലി പത്താമതെത്തി
രാഹുൽ രണ്ടാം സ്ഥാനത്ത് തുടരുന്നു
ദുബായ് : ഐ.സി.സി ട്വന്റി 20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി പത്താം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ മികച്ച ഫോമിലുള്ള കെ.എൽ. രാഹുൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 11-ാം സ്ഥാനത്തുള്ള രോഹിത് ശർമ്മയ്ക്കും മാറ്റമില്ല. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത്ബുംറ 12-ാം റാങ്കിലാണ് ബാറ്റ്സ്മാൻമാരിൽ പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. ബൗളിംഗിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ്ഖാനും ആൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ 20 പേരുടെ പട്ടികയിൽ ഇന്ത്യക്കാർ ആരുമില്ല. അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാമത്.