jeep

പ്രളയത്തിൽ മുങ്ങിയ ജീപ്പുകളെന്നും ആരോപണം

തിരുവനന്തപുരം: പൊലീസ് നവീകരണത്തിന് കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിൽ നിന്ന് 16.05 കോടി ചെലവിട്ട് പൊലീസ് വാങ്ങിക്കൂട്ടിയ 202 ബൊലേറോ ജീപ്പുകൾ മാർച്ച് 31മുതൽ രാജ്യത്ത് വില്പന നടത്താനാവാത്ത ഭാരത് സ്റ്റേജ്-4 (ബി.എസ്-4) ശ്രേണിയിലുള്ളവ.

എല്ലാ സ്​റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങൾ വീതം ഉണ്ടായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്രയും ജീപ്പുകൾ വാങ്ങുന്നതെന്നാണ് പൊലീസ് നേതൃത്വം പറയുന്നത്. 10 വർഷവും അതിൽ കൂടുതലും പഴക്കമുള്ള വാഹനങ്ങൾ ഇനി ഒരു പൊലീസ് സ്​റ്റേഷനിലും ഉണ്ടാവില്ലെന്നും.എന്നാൽ ,സ്വകാര്യ കമ്പനിയെ സഹായിക്കാൻ പഴയ വാഹനങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഷോറൂമുകളിൽ കെട്ടിക്കിടന്ന വാഹനങ്ങളാണിവയെന്നും ചെന്നിത്തല പറഞ്ഞു.

മലിനീകരണ നിയന്ത്റണത്തിൽ ബി എസ്-6 നിലവാരമുള്ള എൻജിനുള്ള വാഹനങ്ങളേ 2020 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് വിൽക്കാനാവൂ. നിലവിലുള്ള ബി.എസ്- 4 മാനദണ്ഡത്തിലുള്ള വാഹനങ്ങൾ വിൽക്കാനുള്ള സമയപരിധി ഏപ്രിൽ ഒന്നിൽ നിന്ന് ഒരു മാസം കൂടി നീട്ടണമെന്ന ഡീലർമാരുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ബി.എസ്.-4 വാഹനങ്ങൾ 2020 ഏപ്രിൽ ഒന്നിനകം വി​റ്റഴിക്കണമെന്നും ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിൽ ജസ്​റ്റിസ് അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. ഇതോടെ കമ്പനികൾ വൻ വിലക്കുറവിൽ വാഹനങ്ങൾ വി​റ്റഴിച്ചു തുടങ്ങി. ബൊലേറോ ജീപ്പുകൾ നിർമ്മിക്കുന്ന മഹീന്ദ്ര കമ്പനി ഒരു ലക്ഷം രൂപവരെ വിലക്കിഴിവാണ് നൽകിയത്. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്റി പിണറായി വിജയനാണ് 202 ജീപ്പുകൾ നിരത്തിലിറക്കിയത്. കേന്ദ്ര സർക്കാരിന്റെ ജെം പോർട്ടലിലൂടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വണ്ടികൾ വാങ്ങിയതെന്നാണ് .പൊലീസ് ആസ്ഥാനം

പറയുന്നത്.

അഴിമതിയെന്ന്

: ചെന്നിത്തല

ബി.എസ്-6 നിബന്ധന വരുന്നതോടെ കമ്പനികൾക്ക് ബി എസ്- 4 എമിഷൻ വാഹങ്ങൾ രജിസ്​റ്റർ ചെയ്തുകൊണ്ട് സെക്കൻഡ് ഹാൻഡായി വിൽക്കേണ്ടി വരും. ഇതവർക്ക് ഭീമമായ നഷ്ടമുണ്ടാക്കും. ഒരു മാസം കഴിഞ്ഞാൽ ബി.എസ്-6 വാഹനങ്ങൾ ലഭിക്കുമെന്നിരിക്കെ പഴയ വാഹനങ്ങൾ വാങ്ങിയത് കമ്പനിയെ സഹായിക്കാനാണ്. ഇതിൽ അഴിമതിയുണ്ടെന്ന് സംശയിക്കണം.

ഭാരത് സ്​റ്റേജ്-6

എൻജിനിൽ നിന്ന് പുറംതള്ളുന്ന പുക തുടങ്ങിയ മാലിന്യങ്ങളുടെ തോത് നിയന്ത്റിക്കാൻ

ഏർപ്പെടുത്തിയതാണ് ഭാരത് സ്​റ്റേജ് (ബി.എസ്.) മാനദണ്ഡം. ബി.എസ്-4 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്-6 വാഹനങ്ങൾക്ക് മലിനീകരണം കുറവായിരിക്കും. ബി.എസ്-5 മാനദണ്ഡങ്ങൾ വേണ്ടെന്ന് വച്ചാണ് ബി.എസ്-6 കൊണ്ടുവന്നത്.