തിരുവനന്തപുരം: സംസ്ഥാന ബഡ്‌ജറ്റ് നിരാശയല്ല, മറിച്ച് പ്രതീക്ഷയാണ് നൽകുന്നതെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തലസ്ഥാനത്തെ അവഗണിച്ചെന്ന് പറയുന്നത് ശരിയല്ല. വട്ടിയൂർക്കാവ് വികസനത്തിനായി മാത്രം 54 കോടി രൂപയാണ് അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. വട്ടിയൂർക്കാവ് പോളിക്കും പ്രദേശത്തെ ഓവർബ്രിഡ്‌ജുകൾക്കും തുക അനുവദിച്ചിട്ടുണ്ട്. ആകെ 250 കോടി രൂപയുടെ വികസനമാണ് വട്ടിയൂർക്കാവിൽ നടക്കുന്നത്. മണ്ഡലത്തിലെ 24 റോഡുകളുടെ ടാറിംഗ് പൂർത്തിയായി. റോഡ് വികസനത്തിന്റെ അലൈൻമെന്റ് മാർക്ക് ചെയ്യുന്ന പ്രാഥമിക പ്രവൃത്തികൾ 19ന് ആരംഭിക്കും. മാർച്ച് നാലിന് മന്ത്രി ജി. സുധാകരൻ ശിലാസ്ഥാപനം നിർവഹിക്കും. റവന്യൂ ടവർ നിർമാണവും വേഗത്തിലാക്കും. ജൈവ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പും നഗരസഭയും സംയുക്തമായി ആരംഭിക്കുന്ന ജീവനി പദ്ധതിയുടെ ഉദ്ഘാടനം 19ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. മണ്ഡലത്തിലെ ഓരോ വാർഡിലെയും തരിശുഭൂമിയുടെ കണക്കെടുത്ത് അവിടെ ജൈവ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കും. സമഗ്ര വിദ്യാഭ്യാസ പരിപാടിയായ മുൻ ബെഞ്ചിന്റെ ഉദ്ഘാടനവും വട്ടിയൂർക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനവും 22ന് നടക്കുമെന്ന് എം.എൽ.എ പറഞ്ഞു.