നെടുമങ്ങാട് : മുൻവൈരാഗ്യത്തെ തുടർന്ന്, ആട്ടോറിക്ഷയ്ക്ക് തീയിട്ട കേസിൽ പേരുമല ചെട്ടിയാർമുക്ക് തടത്തരികത്തു വീട്ടിൽ വി.ഷൈജു (25)വിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു.കഴിഞ്ഞ 13 ന് വെളുപ്പിന് 2.45 ഓടെ കരകുളം സ്വദേശിനി സുനിതയുടെ ഭർത്താവ് ജയകുമാറിന്റെ ആട്ടോറിക്ഷ വീടിനു സമീപം പാർക്ക് ചെയ്തിരിക്കെ,വെട്ടിപ്പൊളിച്ച് മണ്ണെണ്ണ ഒഴിച്ച് തീയിട്ട് നശിപ്പിച്ചതായാണ് കേസ്.തടയാൻ ശ്രമിച്ച സുനിതയെ ഉപദ്രവിച്ചതിനും കേസ് എടുത്തിട്ടുണ്ട്.സുനിതയുടെ മക്കളും ഷൈജുവും തമ്മിൽ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്.കൊലക്കേസ് ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതിയെ നെടുമങ്ങാട് സി.ഐ വി.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ,എ.എസ്.ഐ മാരായ പ്രദീപ്, ഫ്രാങ്ക്ളിൻ, പൊലീസുകാരായ അജിത്, സനൽരാജ്, ജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.