പാറശാല: മഹേശ്വരം ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞം ഇന്ന് പത്താം ദിനം പൂർത്തിയാക്കി. പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന യജ്ഞത്തിൽ ഓരോ ദിവസവും 121 പേർ ചേർന്ന് 11 ആവർത്തി ശ്രീരുദ്ര മഹാ മന്ത്ര ജപത്തിന്റെ പത്തിൽ ഒരംശം ഹോമം ചെയ്ത ശേഷം ചമകമന്ത്രം കൊണ്ട് വസോർധാര ചെയ്യുന്നത് മൂലം ഭൂമിയിലെ സർവ ചരാചരങ്ങളിൽ നിന്ന് മനുഷ്യർക്ക് വേണ്ടതെല്ലാം ലഭിക്കുമെന്നതാണ് ആചാര്യമതം. 121 വൈദികർ 11 പ്രാവശ്യം ആവർത്തിച്ച് ശ്രീരുദ്രമന്ത്രം ജപിച്ച് 121 കലശങ്ങൾ ശിവന്
അഭിഷേകം ചെയ്യുന്നു. ഇത് 11 ദിവസം ആവർത്തിക്കുമ്പോൾ അതിരുദ്രമാകും. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദയുടെ സാന്നിദ്ധ്യത്തിൽ തന്ത്രിമുഖ്യൻ ഗണേഷ് ലക്ഷ്മി നാരായണൻ പോറ്റിയുടെ മേൽനോട്ടത്തിലും യജ്ഞാചാര്യൻ വീരമണി വാദ്ധ്യാരുടെ മുഖ്യകാർമ്മികത്വത്തിലുമാണ് വസോർധാര ഹോമം. രാവിലെ ഏഴിന് ആരംഭിക്കുന്ന യജ്ഞം ഉച്ചയ്ക്ക് ഒന്നിന് അഭിഷേകത്തോടെ അവസാനിക്കും.
അതിരുദ്ര യജ്ഞം നാളെ പൂർത്തിയാകും. മഹാശിവരാത്രി മഹോത്സവം 21 വരെ തുടരും.