കഴക്കൂട്ടം: കഴക്കൂട്ടം വാർഡിൽ സ്ഥിതിചെയ്യുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിട വളപ്പിൽ പത്തുകോടി രൂപ മുടക്കി പത്തുനിലയിൽ മിനി സിവിൽ സ്റ്റേഷൻ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ ബ്ളോക്ക് ഓഫീസിലെത്തി സ്ഥലം പരിശോധിച്ചു. തുടർന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗത്തിന്റെ നേതൃത്വത്തിൽ ചർച്ചയും നടത്തി. കഴക്കൂട്ടത്തെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ബഡ്ജറ്റിൽ ഇതിനായി തുക അനുവദിച്ചത്. ഒരേക്കറോളം വരുന്ന സ്ഥലത്ത് നിലവിലെ പഴയ കെട്ടിടങ്ങൾ ഇടിച്ചു മാറ്രിയാണ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഇതിനായി കൂടുതൽ തുക ആവശ്യം വന്നാൽ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ മജിസ്ട്രേട്ട് കോടതിയും കഴക്കൂട്ടം താലൂക്കും ഇവിടേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ളോക്കിലെ നിലവിലുള്ള ഓഫീസുകൾക്ക് തത്ക്കാലത്തേക്ക് മറ്റു സ്ഥലത്തേക്ക് മാറ്റും. ഒരു വർഷത്തിനകം കെട്ടിട സമുച്ചയം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.വർഷങ്ങൾക്കു മുമ്പ് കാട്ടായിക്കോണം സദാനന്ദൻ പ്രസിഡന്റായിരുന്ന സമയത്താണ് പോത്തൻകോട് ബ്ളോക്ക് ഓഫീസിനായി ഈ സ്ഥലം ലഭിച്ചത്.
അനുവദിച്ചത് 10 കോടി
പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്
ബ്ളോക്ക് ഓഫീസ്
സബ് ആർ.ടി ഓഫീസ്
ട്രഷറി
വില്ലേജ് ഓഫീസ്
സർവേ ഓഫീസ്
രജിസ്ട്രർ ഓഫീസ്
എംപ്ളോയിമെന്റ് ഓഫീസ്
മറ്റു സർക്കാർ ഓഫീസുകൾ