തിരുവനന്തപുരം: വികേന്ദ്രികൃത, ഉറവിട മാല്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തി ആഗസ്റ്റ് 15 ഓടെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കുമെന്ന് മേയർ കെ. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടുകളിലെ ജൈവമാലിന്യ പരിപാലത്തിനായി 15,000ൽ അധികം ബയോ കമ്പോസ്റ്റിംഗ് ബിന്നുകൾ സ്ഥാപിച്ചിട്ടുള്ളത് ജൂൺ മാസത്തോടെ 50,000 ബിന്നുകളായി ഉയർത്തും. എയ്റോബിക്ക് ബിന്നുകൾ 54 കേന്ദ്രങ്ങളിൽ നിന്നും 200 ആയി വർദ്ധിപ്പിക്കും. യു.എൻ.ഡി.പിയുടെ സഹകരണത്തോടെ പ്ലാസ്റ്റിക് റിസൈക്ലിംഗ് പ്ലാന്റ് ആരംഭിക്കും. നഗരത്തിലെ ഡ്രൈവേസ്റ്റ് സെഗ്രിഗേഷൻ കളക്ഷൻ ഹബുകൾ 200 ആയി വർദ്ധിപ്പിക്കും. 'കത്തിക്കൽ ഒഴിവാക്കണം' എന്ന കാമ്പെയിന്റെ ഭാഗമായി സ്ഥാപിച്ച കരിയില സംഭരണികളുടെ എണ്ണം മേയ് മാസത്തോടെ 100 ആയി വർദ്ധിപ്പിക്കും. നഗരത്തിലെ പാളയം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ മാലിന്യകേന്ദ്രങ്ങൾ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ബയോമൈനിംഗ് നടത്തും. ഗ്രീൻ ആർമി സംവിധാനം പ്രയോജനപ്പെടുത്തി അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിച്ച് നഗരത്തിലെ രണ്ടേകാൽ ലക്ഷം വീടുകളിൽ സീറോ വേസ്റ്റിന്റെ സന്ദേശമെത്തിക്കും.
നഗരസഭ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ നിന്നും ക്രോഡീകരിച്ച കരട് ആക്ഷൻ പ്ലാൻ കൃത്യമായ സമയക്രമം നിശ്ചയിച്ച് കൗൺസിലിന്റെ അനുമതിക്കായി സമർപ്പിക്കുമെന്ന് മേയർ കെ. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൗൺസിലിന്റെ അനുമതിയോടെ മാർച്ചിൽ കർമ്മപദ്ധതിക്ക് തുടക്കം കുറിക്കും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സെക്രട്ടറി എൽ.എസ്. ദീപ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.