തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ക്ഷേത്ര ഉത്സവത്തിനിടെ ഡി.വൈ.എഫ്‌.ഐ - ആർ.എസ്.എസ് പ്രവർത്തകർ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി 11.30ഓടെ കാവല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ഗോകുൽ ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള ത‌ർക്കമാണ് സംഘർഷത്തിലെത്തിയത്. ഡാൻസ് കളിച്ചതിനെ ആർ.എസ്.എസ് പ്രവർത്തകർ എതിർത്തു. തുടർന്നുള്ള വാക്കുതർക്കം ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളിലുള്ളവർക്ക് പരിക്കേറ്റതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. ഗോകുലിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയും ക്ഷേത്രം സെക്രട്ടറി മുരുകൻ നൽകിയ പരാതിയിൽ 16 പേർക്കെതിരെയും വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. സംഘർഷത്തിനിടെ പൊലീസ് എത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.