ig

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് 25 ഇൻസാസ് റൈഫിളുകൾ നഷ്ടമായെന്ന സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച്. വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി, ഐ.ജി എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ എസ്.എ.പി ക്യാമ്പിൽ പൊലീസിന്റെ റൈഫിളുകൾ പരിശോധിച്ച ശേഷമാണിത്.പൊലീസിന്റെ തോക്കുകളെല്ലാം സുരക്ഷിതമാണെന്ന് തച്ചങ്കരി പറഞ്ഞു.

ആകെയുള്ള 660 ഇൻസാസ് റൈഫിളുകളിൽ 647 എണ്ണവും തച്ചങ്കരി നേരിട്ടു കണ്ട് പരിശോധിച്ചു. എല്ലാ ബറ്റാലിയനുകളിൽ നിന്നും റൈഫിളുകൾ എസ്.എ.പി ക്യാമ്പിലെത്തിച്ചായിരുന്നു പരിശോധന. ബാക്കി 13 റൈഫിളുകൾ ഇന്ത്യ റിസർവ്വ് പൊലീസ് ബ​റ്റാലിയനിലെ പൊലീസുകാർ മണിപ്പൂരിൽ ഡ്യൂട്ടിക്ക് കൊണ്ടുപോയതാണെന്നും ഇവ മണിപ്പൂരിലുണ്ടെന്നും തച്ചങ്കരി പറഞ്ഞു. വീഡിയോ കോൾ വഴി ഈ തോക്കുകളുടെ ബോഡി നമ്പരും പരിശോധിച്ച് ഉറപ്പാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈ.എസ്.പി അനിൽ കുമാറിന്റെ മുമ്പാകെയാണ് തോക്കുകൾ ഹാജരാക്കിയത്.

തിരകൾ കാണാതായതിൽ ക്രമക്കേടെന്ന് സംശയം

അതേസമയം ,തിരകൾ കാണാതായതിൽ ക്രമക്കേട് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. വിശദമായ അന്വേഷണത്തിൽ ഉയർന്ന ഉദ്യോഗസ്ഥരടക്കം പ്രതികളായേക്കും. ആദ്യം പേരൂർക്കട പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ 11 പ്രതികളുണ്ടായിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്. വെടിയുണ്ടകൾ കാണാതായെന്ന കേസിൽ രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കു​റ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണം സുതാര്യമായിരിക്കുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. കുറ്രക്കാരെ അറസ്റ്റ് ചെയ്യും. രേഖകളനുസരിച്ച് 2018 ഒക്ടോബർ 18ന് കാണേണ്ടിയിരുന്ന 5.56 എം.എം ഇൻസാസ് റൈഫിളുകൾ 69 എണ്ണമാണെങ്കിലും സ്​റ്റോറിൽ 44 എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും 25 എണ്ണത്തിന്റെ കുറവുണ്ടെന്നുമാണ് സി.എ.ജി റിപ്പോർട്ട്. എ.കെ-47 തോക്കിലുപയോഗിക്കുന്ന 762ഉം, എം.എം 1578 , സെൽഫ് ലോഡിംഗ് റൈഫിളുകളിൽ ഉപയോഗിക്കുന്ന 7.62 എം.എം 8398ഉം , 259 ഒൻപത് എം.എം ഡ്രിൽ കാട്റിജ് എന്നിവയുൾപ്പടെ 12061 വെടിയുണ്ടകൾ കാണാനില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.