car

തിരുവനന്തപുരം: പൊലീസിനായി ബുള്ള​റ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ടെൻഡർ നടപടികൾ പാലിക്കാത്ത ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നടപടി സർക്കാർ സാധൂകരിച്ചു. 2016-17 വർഷത്തെ നവീകരണ പദ്ധതിയനുസരിച്ചാണ് രണ്ട് ബുള്ള​റ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ പൊലീസ് മേധാവി ടെനഡറില്ലാതെ സപ്ലൈ ഓർഡർ നൽകിയത്. വാഹനങ്ങളുടെ വിലയായ1.10 കോടി (1,10,04,000)​ രൂപയുടെ 30 ശതമാനം മുൻകൂറായി അനുവദിച്ചു. സർക്കാർ ഇത് അംഗീകരിക്കുകയായിരുന്നു.
വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ 1.26 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ സുരക്ഷാ സംബന്ധമായ കാരണങ്ങളാൽ ടെൻഡർ നടപടികൾ പാലിക്കാതെ ഹിന്ദുസ്ഥാൻ മോട്ടോർ കോർപറേഷൻ ലിമി​റ്റഡിൽ നിന്ന് രണ്ട് വാഹനങ്ങൾ വാങ്ങാൻ ബെഹ്റ തീരുമാനിച്ചു. ബുള്ള​റ്റ് പ്രൂഫ് കാറുകളുടെ സുരക്ഷാ കാരണങ്ങളാലാണ് ഓപ്പൺ ടെൻഡർ വിളിക്കാത്തതെന്ന് ഡി.ജി.പി കത്തിലൂടെ സർക്കാരിനെ അറിയിച്ചു. കൂടാതെ,​ ജി.ഇ.എം പോർട്ടലിൽ ഇത്തരം കാറുകൾക്ക് ടെൻഡർ സംവിധാനം ലഭ്യമല്ലാത്തതിനാലും ഇന്ത്യയിൽ ഇവ നിർമ്മിക്കുന്നത് കുറവായതിനാലുമാണ് താരതമ്യേന കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഓർഡർ നൽകിയതെന്നും ഡി.ജി.പി സർക്കാരിനെ അറിയിച്ചു.