ട്രെന്റ് ബൗൾട്ട് തിരിച്ചെത്തി
വെല്ലിംഗ്ടൺ : വെള്ളിയാഴ്ച വെല്ലിംഗ്ടണിൽ ഇന്ത്യയ്ക്കെതിരെ തുടങ്ങുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള 13 അംഗ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മാറിയ കേൻ വില്യംസൺ നയിക്കുന്ന ടീമിലേക്ക് പേസർ ട്രെന്റ് ബൗൾട്ട് തിരിച്ചെത്തിയിട്ടുണ്ട്. പരിക്കുള്ള ബൗൾട്ട് ഏകദിന ട്വന്റി 20 പരമ്പരകളിൽ കളിച്ചിരുന്നില്ല. ആസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളിൽ മൊത്തം തോറ്റ ടീമിൽ നിന്ന് ഓപ്പൺജീത് റാവൽ, സ്പിന്നർ മിച്ചൽ സാന്റ്നർ, പേസർ മാറ്റ് ഹെൻട്രി എന്നിവരെ ഒഴിവാക്കി. ഇടംകൈയൻ സ്പിന്നർ അജാസ് പട്ടേലിനെ തിരികെ വിളിച്ചപ്പോൾ ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഉയരക്കാരൻ പേസർ കൈൽ ജാമീസൺ ടീമിലെത്തി.
ന്യൂസിലൻഡ് ടീം : കേൻ വില്യംസൺ (ക്യാപ്ടൻ), ടോം ബ്ളൻഡേൽ, ട്രെന്റ് ബൗൾട്ട്, കോളിൻ ഡി ഗ്രാൻഡ് ഹോം, കൈൽ ജാമീസൺ, ടോം ലതാം, ഡാരിൽ മിച്ചൽ, ഹെൻട്രി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തീ, റോസ് ടെയ്ലർ, നീൽവാഗ്നർ, ബിജെ വാറ്റ്ലിംഗ്
100
തന്റെ നൂറാമത്തെ അന്താരാഷ്ട്ര മത്സരത്തിനാണ് കിവീസ് വെറ്ററൻ ബാറ്റ്സ്മാൻ റോസ്ടെയ്ലർ ഇറങ്ങുന്നത്.
ടെസ്റ്റ് ഫിക്സ്ചർ
ഫെബ്രുവരി 21-25
വെല്ലിംഗ്ടൺ
ഫെബ്രുവരി 29 - മാർച്ച് 4
ക്രൈസ്റ്റ് ചർച്ച്
വൈകാരികമായി ഒരുമിപ്പിച്ച് ഒളിമ്പിക്സ്
ടോക്കിയോയിൽ ഈ വർഷം നടക്കുന്ന ഒളിമ്പിക്സിന്റെ മുദ്രാവാക്യം പുറത്തിറക്കി. വൈകാരികമായി ഒരുമിച്ചത് എന്നർത്ഥം വരുന്ന യുണൈറ്റഡ് ബൈ ഇമോഷൻസ് എന്നതാണ് ടോക്കിയോയുടെ മുദ്രാവാക്യം. വിവിധ രാജ്യങ്ങളിൽ നിന്ന് അന്യോന്യം അറിയാതെയെത്തുന്ന ആയിരങ്ങളെ ഒളിമ്പിക്സ് എന്ന വികാരം ഒരുമിപ്പിക്കുന്നു എന്നതാണ് മുദ്രാവാക്യത്തിലൂടെ അർത്ഥമാക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ജെയിംസ് ഡക്ക്വർത്തിന് ബംഗളൂരു ഓപ്പൺ
ബംഗളൂരു : ആസ്ട്രേലിയക്കാരൻ ജെയിംസ് ഡക്ക്വർത്ത് ബംഗളൂരു ഓപ്പൺ ടെന്നിസ് കിരീടം സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിയെ 6-4, 6-4 എന്ന സ്കോറിനാണ് ഡക്ക്വർക്ക് ജയിച്ചത്.
ദുബായ് ഓപ്പണിൽ സാനിയ കളിക്കും
ദുബായ് : കാൽവണ്ണയിലെ പരിക്കിനെത്തുടർന്ന് ആസ്ട്രേലിയൻ ഓപ്പണിനിടെ പിൻമാറേണ്ടിവന്ന ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ ദുബായ് ഓപ്പൺ ടെന്നിസിൽ കളിക്കും. വനിതാ ഡബിൾസിൽ പുതിയ പങ്കാളിയായ ഫ്രഞ്ചുകാരി കരോളിൻ ഗാർഷ്യയ്ക്കൊപ്പം സാനിയ നാളെ അല്ല കുദ്രിയാവ് സേവ കാതറിൻ ബ്രെബോട്ട്നിക്ക് സഖ്യത്തെ നേരിടും. പ്രസവത്തെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിന്നിരുന്ന സാനിയ ഈ വർഷമാദ്യം ഹൊബാർട്ട് ഓപ്പണിൽ ഡബിൾസ് കിരീടം നേടിയാണ് തിരിച്ചെത്തിയത്.