മാഡ്രിഡ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ ആവേശ രാത്രികളിലേക്ക് ഫുട്ബാൾ ലോകം തിരിച്ചെത്തുകയാണ്. ഗ്രൂപ്പ് പോരാട്ടങ്ങൾ കഴിഞ്ഞ് വൻകരയിലെ വമ്പന്മാരായ16 ക്ളബുകൾ നോക്കൗട്ടിന്റെ പടത്തട്ടിലേക്ക് ചുരികയെറിയുമ്പോൾ ആദ്യ പ്രീക്വാർട്ടർ ഫൈനൽ മത്സരം തന്നെ ആവേശത്തിരതള്ളലിന്റേതാകും. നിലവിലെ ചാമ്പ്യൻമാരും ഇപ്പോഴത്തെ പ്രിമിയർലീഗിലെ മുമ്പന്മാരുമായ ലിവർപൂളും സ്പാനിഷ് ഫുട്ബാൾ ലീഗിലെ കരുത്തന്മാരായ അത്ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഇന്നത്തെ പ്രീക്വാർട്ടർ ഫൈനലുകളിലൊന്ന്. അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിലാണ് ആദ്യപാദ മത്സരം. മറ്റൊരു ആദ്യ പാദ പ്രീ ക്വാർട്ടർ ഫൈനലിൽ ജർമ്മൻക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ട് സ്വന്തം തട്ടകത്തിൽ ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ് ജെർമ്മെയ്നെ നേരിടും.
കരുത്തോടെ ലിവർ
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ലിവർപൂൾ. ഫൈനലിൽ ടോട്ടൻഹാമിനെ കീഴടക്കിയാണ് യൂർഗൻ ക്ളോപ്പ് പരിശീലിപ്പിക്കുന്ന ടീം കിരീടമണിഞ്ഞത്.
ഇക്കുറി മികച്ച ഫോമിലാണ് ഇംഗ്ളീഷ് ക്ളബ്. നാപ്പോളി, സാൽസ്ബർഗ്, ജെൻക് എന്നിവരടങ്ങിയ ഈ ഗ്രൂപ്പിലെ ആറ് കളികളിൽ നാലും ജയിച്ച് ഒന്നാമന്മാരായാണ് പ്രീക്വാർട്ടറിനെത്തിയത്.
പ്രിമിയർലീഗിലും കിരീടമുറപ്പിച്ചാണ് ലിവറിന്റെ കുതിപ്പ്. 26 മത്സരങ്ങളിൽ ഒന്നിൽപ്പോലും തോൽവി അറിഞ്ഞിട്ടില്ല. ഒരു കളിയിൽ മാത്രമാണ് സമനില വഴങ്ങിയത്.
ജർമ്മൻകാരനായ പരിശീലകൻ യൂർഗൻ ക്ളോപ്പിന്റെ തന്ത്രങ്ങളും മുഹമ്മദ് സലാ, സാഡിയോമാനേ, റോബർട്ടോ ഫിർമിനോ തുടങ്ങിയ മികച്ച താരങ്ങളുമാണ് ഇംഗ്ളീഷ് ക്ളബിന്റെ കരുത്ത്.
പൊരുതാൻ അത്ലറ്റിക്കോ
കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിനോട് തോറ്റ് പുറത്തായവരാണ് അത്ലറ്റിക്കോ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. 2013-14, 2015-16 സീസണുകളിൽ ഫൈനലിലെത്തിയെങ്കിലും രക്ഷയുണ്ടായില്ല.
യുവന്റസ് അടങ്ങിയ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടറിനെത്തിയിരിക്കുന്നത്. ആറ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. രണ്ട് തോൽവി വഴങ്ങേണ്ടിവന്നു.
സ്പാനിഷ് ലാലിഗയിലും അത്ര മികച്ച പ്രകടനമല്ല. 24 മത്സരങ്ങളിൽ 10 എണ്ണം മാത്രം ജയിച്ച അത്ലറ്റിക്കോ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
എന്നാൽ, അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഡീഗോ സിമയോണി എന്ന പരിശീലകന്റെ സാന്നിദ്ധ്യം അത്ലറ്റിക്കയെ അട്ടിമറി വീരന്മാരാക്കുന്നു. സിമയോണിയുടെ തന്ത്രങ്ങൾ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോയെ ഏവരും പേടിക്കുന്ന ടീമാക്കി മാറ്റിയിട്ടുണ്ട്.
6 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമാണ് ലിവർപൂൾ. 1976-77, 77-78, 80-81, 83-84, 2004-05, 2018-19 സീസണുകളിലാണ് ലിവർപൂൾ നേടിയത്.
1-1
ഇതുവരെ നാല് തവണ ഇരുക്ളബുകളും ഏറ്റുമുട്ടിയിട്ടുണ്ട്. ഓരോതവണ വീതം ഇരുവർക്കും ജയം. രണ്ട് കളി സമനിലയിലായി.
2008/09 സീസണിലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ രണ്ട് മത്സരങ്ങളും 1-1ന് സമനിലയിൽ കലാശിച്ചു.
17
തുടർച്ചയായ 17 വിജയങ്ങളുമായാണ് ലിവർപൂൾ നോക്കൗട്ടിനെത്തുന്നത്.
അവിശ്വസനീയമായ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ശേഷിയുള്ള ടീമാണ് ലിവർപൂളിന്റേത്. ഇക്കുറി ചാമ്പ്യൻസ് ലീഗ് കിരീടം നിലനിറുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരിക്കുന്നു.
-യൂർഗൻ ക്ളോപ്പ്
ലിവർപൂൾ കോച്ച്.
മുൻ വർഷങ്ങളിലേതുപോലെ വലിയൊരു താരനിര ഇപ്പോൾ ഞങ്ങൾക്കില്ലായിരിക്കാം. പക്ഷേ, അന്ന് പൊരുതാൻ കാട്ടിയ അതേ വീറുറ്റ മനസ് ഇപ്പോഴുമുണ്ട്.
-ഡീഗോ സിമയോണി
അത്ലറ്റിക്കോ കോച്ച്.