400 മീറ്ററിൽ നിന്ന് മാറി 200 മീറ്ററിൽ മത്സരിക്കാൻ ഹിമദാസ്
ന്യൂഡൽഹി : ഈ വർഷം ഒളിമ്പിക്സ് നടക്കാനിരിക്കേ ലോക ജൂനിയർ 400 മീറ്റർ ചാമ്പ്യനും ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ വെള്ളി മെഡൽ ജേതാവുമായ ഇന്ത്യൻ യുവ വനിത അത്ലറ്റിക് ഹിമദാസ് മത്സര ഇനം മാറുന്നു. കുറച്ചു കാലത്തേക്ക് 400 മീറ്റർ വിട്ട് 200 മീറ്ററിൽ ശ്രദ്ധിക്കാനാണ് ഹിമയുടെയും പരിശീലകരുടെയും തീരുമാനം. ഇതോടെ ഒളിമ്പിക്സിൽ 400 മീറ്ററിൽ മത്സരിക്കാൻ ഹിമ കാണില്ലെന്ന് ഉറപ്പായി. 200 മീറ്ററിൽ നിലവിലെ അവസ്ഥയിൽ ഒളിമ്പിക് യോഗ്യത നേടാനും സാധ്യത കുറവാണ്.
കഴിഞ്ഞ വർഷം ദോഹയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പരിക്കുമൂലം വിട്ടുനിൽക്കേണ്ടിവന്ന ഹിമയ്ക്ക് 400 മീറ്ററിൽ മത്സരിക്കാനുള്ള ശാരീരിക ക്ഷമത കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തിയാണ് പരിശീലകർ 200 മീറ്ററിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞവർഷാവസാനം വൈറൽ ഫീവറിന്റെ പിടിയിൽപ്പെട്ട താരത്തിന് മൂന്നാഴ്ച യോളം പരിശീലനം മുടങ്ങിയിരുന്നു. പനിയുടെ ക്ഷീണത്തിൽ നിന്ന് ഇനിയും മോചിതയായിട്ടുമില്ല.
അസാമിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് അപ്രതീക്ഷിതമായാണ് ഹിമ ഇന്ത്യൻ അത്ലറ്റിക്സിന്റെ അഭിമാനമായി മാറിയത്. ഗോഹട്ടിയിൽ നടന്ന പരിശീലന ക്യാമ്പിൽ മലയാളി കോച്ച് ഗോപാലകൃഷ്ണപിള്ളയുടെ ശുപാർശയോടെ ഇന്ത്യൻ ക്യാമ്പിലേക്കെത്തിയ ഹിമ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി വിസ്മയം സൃഷ്ടിച്ചു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തോടെ ഇന്ത്യൻ അത്ലറ്റിക്സിന്റെ പതാകവാഹകയായി ഹിമ മാറി. എന്നാൽ, കഴിഞ്ഞവർഷം അവസാനത്തോടെ നടുവേദന താരത്തെ പിടികൂടുകയായിരുന്നു.
പരിക്കും പനിയും പൂർണമായും ഭേദമാകും മുമ്പ് ഹിമയെ 400 മീറ്ററിൽ മത്സരിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അത്ലറ്റിക് ഫെഡറേഷന്റെ ചീഫ് കോച്ച് ബഹാദൂർസിംഗ്, ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണൻ നായർ, വിദേശ പരിശീലക ഗലീന ബുക്കാറിന, ഹൈ പെർഫോമൻസ് ഡയറക്ടർ വോൾക്കർ ഹെർമൻ എന്നിവർ ചേർന്നാണ് തീരുമാനിച്ചത്.
200 മീറ്ററിൽ മത്സരിക്കുന്നത് ഭാവിയിൽ ഹിമയ്ക്ക് 400 മീറ്ററിലേക്ക് തിരിച്ചെത്തുമ്പോൾ ഗുണം ചെയ്യുമെന്ന് പരിശീലകർ പറയുന്നു. 2021ഓടെ ഹിമ വീണ്ടും 400 മീറ്ററിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം വിദേശ രാജ്യത്ത് നടന്ന പരിശീലന ക്യാമ്പിനിടെ ഹിമ 200 മീറ്ററിൽ നിരവധി മീറ്റുകളിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇവയിൽ പലതിലും മികച്ച എതിരാളികൾ ഇല്ലായിരുന്നു. 23.10 സെക്കൻഡാണ് 200 മീറ്ററിലെ ഹിമയുടെ മികച്ച സമയം. എന്നാൽ, 22.80 സെക്കൻഡാണ് 200 മീറ്ററിൽ ഒളിമ്പിക് യോഗ്യത നേടാൻ വേണ്ട സമയം. ഇപ്പോഴത്തെ ശാരീരികാവസ്ഥയിൽ ഹിമയ്ക്ക് ഈ സമയത്തിനുള്ളിൽ ഫിനിഷ് ചെയ്യാൻ കഴിയുന്ന കാര്യം സംശയമാണ്.
''ഈ സീസണിൽ ഹിമയ്ക്ക് 400 മീറ്ററിൽ പരിശീലനം നൽകുന്നത് നിരർത്ഥകമാണെന്ന് മാത്രമല്ല, ദോഷവും ചെയ്യും. ശാരീരികമായി 400 മീറ്റർ ഓടനാകുന്ന സ്ഥിതിയിലല്ല ഹിമ. കഠിനമായി പരിശീലിപ്പിച്ചാൽ ഭാവിയെത്തന്നെ ബാധിക്കും. അതുകൊണ്ട് ഒളിമ്പിക്സ് വലിയ കാര്യമായി കാണാതെ 200 മീറ്ററിൽ പരിശീലിക്കുകയും മത്സരിക്കുകയും ചെയ്യട്ടെ. ഒളിമ്പിക്സിൽ മത്സരിക്കാനുള്ള പ്രായം ഇനിയും ഹിമയെ കാത്തിരിപ്പുണ്ട്.
-വോൾക്കർ ഹെർമ്മൻ ഹൈ പെർഫോമൻസ് ഡയറക്ടർ അത്ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ
23.10
200 മീറ്ററിൽ ഹിമദാസിന്റെ മികച്ച സമയം.
22.80
200 മീറ്ററിലെ ഒളിമ്പിക് യോഗ്യതാ മാർക്ക്
50.79
400 മീറ്ററിൽ ഹിമദാസ് കുറിച്ച ദേശീയ റെക്കാഡ് സമയം. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലാണ് ഹിമ ഈ സമയത്ത് ഫിനിഷ് ചെയ്തത്.