photo

നെടുമങ്ങാട്: കരകുളം മുല്ലശേരി പി.എ അസീസ് കോളേജ് ഓഫ് എൻജിനിയറിംഗ് ടെക്നോളജി കാമ്പസ് വളപ്പിൽ വൻ തീപിടിത്തം. അമ്പത് ഏക്കറോളം പ്രദേശത്ത് തീപടർന്നു. സമീപ വാസികളുടെ റബർ തോട്ടങ്ങളും കത്തി നശിച്ചു. തീപിടിത്തത്തെ തുടർന്ന് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ പടർന്ന തീ വൈകിട്ട് 6.30ഓടെയാണ് നിയന്ത്രണ വിധേയമായത്. കോളേജ് പരിസരത്ത് ഇത് രണ്ടാം തവണയാണ് തീപിടുത്തമുണ്ടാകുന്നത്. അടഞ്ഞുകിടക്കുന്ന ക്ലാസ് മുറികളുടെ ചുറ്റുവട്ടത്തെ കുറ്റിക്കാടിനാണ് തീപിടിച്ചത്. അഗ്നിശമന സേനയുടെ നെടുമങ്ങാട് അസി. സ്റ്റേഷൻ ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും ചെങ്കൽച്ചൂള സ്റ്റേഷൻ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റും ആറ് മണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. വിദ്യാർത്ഥികളും നാട്ടുകാരും വാട്ടർ അതോറിട്ടി ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. സമീപവാസിയായ ഗോപാലകൃഷ്ണൻ നായരുടെ ഒരേക്കറും ജയചന്ദ്രൻ നായരുടെ 40 സെന്റും റബർ തോട്ടങ്ങളിലെ അടിക്കാട് പൂർണമായി കത്തിപ്പോയി. രാജേന്ദ്രനെയും കുടുംബത്തെയുമാണ് മാറ്റിപ്പാർപ്പിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.