ഡൽഹിയിലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചൈനീസ് താരങ്ങൾക്ക് വിസ നൽകില്ല
ചാമ്പ്യൻഷിപ്പിന് ഒളിമ്പിക് യോഗ്യതാപദവി നഷ്ടമായി
തിരുവനന്തപുരം : ന്യൂഡൽഹിയിൽ ഇന്ന് തുടങ്ങുന്ന ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കൊറോണ വൈറസ് ബാധിതനായ ചൈനയിൽ നിന്നുള്ള 40 അംഗ ടീമിന് വിസ അനുവദിക്കേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകൾക്ക് വേദി യാകുന്ന രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അനുമതി നിഷേധിച്ചാൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ വിലക്ക് വരുമെങ്കിലും കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ വിസ അനുവദിക്കാൻ സാധിക്കില്ലെന്നാണ് മന്ത്രാലയം നിലപാടെടുത്തത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെയും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനെയും സാഹചര്യം ബോധ്യപ്പെടുത്തുമെന്ന് റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ് കേരളകൗമുദിയോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് പാകിസ്ഥാൻ താരങ്ങൾക്ക് വിസ നിഷേധിച്ചതിന്റെ പേരിൽ ഐ.ഒ.സി ഇന്ത്യയെ താക്കീത് ചെയ്തിരുന്നു. ഒരു അന്താരാഷ്ട്ര മത്സരങ്ങൾക്കും വേദിയാകില്ലെന്നായിരുന്നു മുന്നറിയിപ്പ്.
ഇക്കുറി പാകിസ്ഥാൻ താരങ്ങൾക്കും വിസ നൽകാൻ കേന്ദ്രം ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ, റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ അതിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിശദീകരണം നൽകിയതോടെ അനുമതി നൽകുകയായിരുന്നു.
ചൈനീസ് താരങ്ങൾ പങ്കെടുക്കാത്തതോടെ ചാമ്പ്യൻഷിപ്പിന്റെ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് പദവി നഷ്ടമായിട്ടുണ്ട്.
നാല് ഇന്ത്യൻ താരങ്ങൾ ഇതിനകം തന്നെ ഒളിമ്പിക് യോഗ്യത നേടിക്കഴിഞ്ഞതിനാൽ അത് ഇന്ത്യയെ ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. അതേസമയം ചൈനയിൽ മാർച്ചിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് മാറ്റി വച്ചിട്ടുണ്ട്.
റയലിന് സമനില
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻനിരക്കാരായ റയൽ മാഡ്രിഡിന് സമനില. സെൽറ്റ ഡിവിഗോയാണ് 2-2ന് റയലിനെ തളച്ചത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് റയലിന്റെ സമനില. ഏഴാം മിനിട്ടിൽ സ്മൊളോവിലൂടെ സ്കോർ ചെയ്ത് സെൽറ്റ റയലിനെ ഞെട്ടിച്ചിരുന്നു. 52-ാം മിനിട്ടിൽ ടോണി യൂസും 65-ാം മിനിട്ടിൽ റാമോസും ചേർന്ന് റയലിനെ മുന്നിലെത്തിച്ചെങ്കിലും 85-ാം മിനിട്ടിൽ സാന്റിമിന സെൽറ്റയ്ക്ക് സമനില വഴങ്ങി.
24 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയൽ. 52 പോയിന്റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.
ആഴ്സനലിന് ജയം
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ആഴ്സനൽ 4-0ത്തിന് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. ഔബമയാംഗ്, പെപ്പെ, ഓയ്സിൽ, ലക്കാസറ്റെ എന്നിർവരാണ് സ്കോർ ചെയ്തത്.