പലരും ഡോറുകളുടെ ഹാന്റിലിൽ പിടിച്ചു തുറക്കാൻ നോക്കി.
കഴിഞ്ഞില്ല.
അതോടെ ജനത്തിനു രോഷം കൂടി. അവർ കൈകൾ കൊണ്ടും പിന്നെ റോഡുപണിക്ക് ഇറക്കിയ വലിയ മെറ്റലുകൾ കൊണ്ടും കാറിൽ ഇടിക്കാൻ തുടങ്ങി.
പക്ഷേ ഗ്ളാസുകൾ പൊട്ടിയില്ല.
''രാവിലെ വെള്ളമടിച്ച് പൂസായി വന്ന് കാറിടിപ്പിച്ചതും പോരാ... അവന്റെയൊക്കെ..."
ആരോ ചീത്ത വിളിച്ചു.
പെട്ടെന്ന് പോലീസ് വാഹനത്തിന്റെ സൈറൺ കേട്ടു.
മറ്റ് വാഹനങ്ങൾക്കിടയിലൂടെ അത് കുറച്ചു മുന്നോട്ടുവന്നു.
ബൊലേറോ.
സി.ഐ ഇഗ്‌നേഷ്യസും എസ്.ഐ ബോബികുര്യനും പോലീസുകാരും ചാടിയിറങ്ങി.
പോലീസിനെ കണ്ട് ജനങ്ങൾ പിന്നോട്ടു മാറി ഒരകലമിട്ട് നിന്നു.
പോലീസ് സംഘം ഇന്നോവയ്ക്കരുകിലെത്തി.
കൂട്ടത്തിൽ നിൽക്കുന്ന സിദ്ധാർത്ഥിനെ സി.ഐ കൈയാട്ടി വിളിച്ചു.
അവൻ ചെന്നു.
''എന്താടാ വിഷയം?
അവൻ കാര്യം പറഞ്ഞു. പിന്നെ അറിയിച്ചു.
''അവന്മാര് നല്ല വെള്ളമാ സാറേ. ഇന്നലത്തെ കക്ഷികളു തന്നെ."
സി.ഐ കെയിൻ കൊണ്ട് ഡോർ ഗ്ളാസിൽ മുട്ടി.
''തുറക്കെടാ."
പെട്ടെന്നു ഡോറുകൾ തുറക്കപ്പെട്ടു.
''ഇങ്ങോട്ടിറങ്ങിവാ."
സന്ദേഹത്തോടെ അവർ ഇറങ്ങി.
ഇഗ്‌നേഷ്യസ് അവരെ അടിമുടി നോക്കി.
''എന്തൊരു നാറ്റമാടാ ഇത്? മദ്യത്തിന്റെ..." അയാൾ കർച്ചീഫ് എടുത്ത് മൂക്കു പൊത്തി.
''സാറേ..." മൊട്ടത്തലയൻ പറഞ്ഞു. ''ഇന്നലത്തെ സംഭവത്തോടെ ഞങ്ങളെപ്പറ്റി സാറിന് ശരിക്കറിയാമല്ലോ... വണ്ടി മുട്ടിയവർക്ക് എന്തെങ്കിലും കോമ്പൻസേഷൻ കൊടുത്തേക്കാം. അല്ലാതെ കേസിനൊന്നും ഞങ്ങളെ കിട്ടത്തില്ല."
ഇഗ്‌നേഷ്യസിന്റെ മുഖം ചുവന്നു.
''നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ നിന്റെയൊക്കെ തറവാട്ടീന്നാ ഞങ്ങൾക്ക് ശമ്പളം തരുന്നതെന്ന്. ഒരു വിഷയമുണ്ടായാൽ അത് എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് എനിക്കറിയാം."
ഇഗ്‌നേഷ്യസ് മീശത്തുമ്പ് മുകളിലേക്കൊന്നു തള്ളിവച്ചു.
''അപ്പോൾ ഈ നിൽക്കുന്ന ഓട്ടോക്കാരനും ജനങ്ങളും ഞങ്ങളെ തല്ലിയതോ... അതിനു കേസില്ലേ?"
ഇഗ്‌നേഷ്യസിന്റെ കടപ്പല്ലു ഞെരിഞ്ഞു.
''ഏതിനൊക്കെ കേസെടുക്കണം വേണ്ടാ എന്നൊക്കെ ഞാൻ തീരുമാനിക്കും."
ആ സമയം സിദ്ധാർത്ഥിന്റെ ഫോൺ ശബ്ദിച്ചു.
മറുതലയ്ക്കൽ ചെമ്പല്ലി സുരേഷായിരുന്നു. അവന്റെ ശബ്ദം കേട്ടു:
''സിദ്ധാർത്ഥേ. ആ കുട്ടി മരിച്ചുപോയി. അതിന്റെ അമ്മയെ ഇവിടെ ട്രീറ്റ് ചെയ്യാൻ പറ്റില്ല. മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകണമെന്നാ പറയുന്നത്."
''എടാ ഒരു നിമിഷം." പറഞ്ഞിട്ട് അവൻ സി.ഐയ്ക്കു നേരെ തിരിഞ്ഞു.
''സാർ... ആ കുഞ്ഞ് മരിച്ചുപോയി."
''മൈ ഗോഡ്."
ഇഗ്‌നേഷ്യസ് വല്ലാതെയായി.
സിദ്ധാർത്ഥ്, സുരേഷിനോട് ഫോണിൽ സംസാരിച്ചു.
''എടാ. ഒരാംബുലൻസിൽ അവരെ മെഡിക്കൽ കോളേജിന് അയയ്ക്കാനുള്ള ഏർപ്പാട് ചെയ്യ്. അവരുടെ വീട് എവിടെയാണെന്നു തിരക്കിയോ?"
''തിരക്കി. ചിറ്റൂർ മുക്കിലാ... വീട്ടിൽ വിവരം വിളിച്ചു പറഞ്ഞിട്ടുണ്ട്. അവർ ഉടൻ എത്തും."
''ആംബുലൻസ് പുറപ്പെട്ടു കഴിഞ്ഞേ നീ പോരാവൂ."
''ശരിയെടാ."
കോൾ മുറിച്ചിട്ട് സിദ്ധാർത്ഥ് തിരിയുമ്പോൾ സി.ഐ ഇഗ്‌നേഷ്യസ് എസ്.ഐ ബോബികുര്യനോടു നിർദ്ദേശിക്കുന്നതു കേട്ടു.
''ബോബീ... ഇവന്മാരെ കസ്റ്റഡിയിലെടുക്ക്. എന്നിട്ട് പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോ. ബ്ളഡ് ടെസ്റ്റു ചെയ്ത് എത്രയളവിൽ മദ്യം അകത്തുണ്ട് എന്ന സർട്ടിഫിക്കറ്റ് വാങ്ങ്."
അതുകേട്ട് ഇന്നോവയിൽ വന്നവർ ഞെട്ടി.
ജൂബ്ബാധാരി എതിർത്തു.
''അത് പറ്റത്തില്ല സാറേ. ഞങ്ങള് സമ്മതിക്കത്തില്ല."
ഇഗ്‌നേഷ്യസിന്റെ കണ്ണുകൾ കുറുകി.
''അങ്ങ് തലസ്ഥാനത്ത് നിന്റെ ചേട്ടൻ ആക്സിഡന്റ് ഉണ്ടാക്കിയിട്ട് പത്ത് പന്ത്രണ്ടു മണിക്കൂർ ബ്ളഡ് എടുക്കാൻ സമ്മതിക്കാതിരുന്നതുപോലെയുള്ള വേലത്തരം ഇവിടെ നടക്കത്തില്ല. ഇത് കോന്നിയാ. ഞാൻ സി.ഐ ഇഗ്‌നേഷ്യസും."
ജൂബ്ബാധാരി അസ്വസ്ഥതയോടെ തല കുടഞ്ഞു.
പെട്ടെന്ന് മൊട്ടത്തലയൻ തന്റെ ഫോൺ ഇഗ്‌നേഷ്യസിനു നീട്ടി.
''ഇന്നാ നിങ്ങൾക്കുള്ളതാ. മന്ത്രിയുടെ ഓഫീസീന്ന്."
ഇഗ്‌നേഷ്യസ് ആകെ വിറഞ്ഞുതുള്ളി.
എവിടുന്നു വിളിച്ചാലും ഇത്തവണ നിന്നെയൊന്നും ഞാൻ വിടത്തില്ലെടാ."
അയാൾ ആ ഫോൺ വാങ്ങി ടാർ റോഡിലേക്ക് ഒറ്റയേറ്...
ഫോൺ പിളർന്ന് ചിതറിപ്പോയി.
മൊട്ടത്തലയൻ നടുങ്ങിപ്പോയി.
ഒന്നരലക്ഷത്തിന്റെ ഫോൺ!
''എടോ ഇൻസ്പെക്ടറേ.. താൻ കാതേൽ നുള്ളിക്കോ. ഈ ഫോൺ പോയതോടെ തന്റെ തൊപ്പിയും പോയെന്ന് കരുതിക്കോ!
''ഓ. ആയിക്കോട്ടെ." അയാൾ എസ്.ഐയ്ക്കു നേരെ കണ്ണയച്ചു.
''ബോബീ."
''സാർ."
എതിർക്കാൻ ശ്രമിച്ചെങ്കിലും നാലുപേരെയും പോലീസ് ബലമായി ബൊലേറോയിൽ കയറ്റി.
''ഇവിടൊരു മെഡിക്കൽകോളേജ് പണിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചൈനയിൽ പത്തുദിവസം കൊണ്ട് ആയിരം ബെഡ്ഡുള്ള ഹോസ്പിറ്റലാ ഉണ്ടാക്കിയത്..."
ആരോ പറയുന്നത് സിദ്ധാർത്ഥ് കേട്ടു.
***** ******
പത്തനംതിട്ട ജനറൽ ഹോസ്പിറ്റൽ.
ഇന്നോവയിൽ ഉണ്ടായിരുന്നവരുമായി സി.ഐയും സംഘവും ഹോസ്പിറ്റൽ ഗേറ്റു കടക്കവെ ഇഗ്‌നേഷ്യസിന് എസ്.പിയുടെ ഫോൺകോൾ.
''സാർ...." അയാൾ അറ്റന്റു ചെയ്തു.
''താൻ ഇങ്ങോട്ട് ഒന്നും പറയണ്ടാ. കസ്റ്റഡിയിൽ എടുത്തവരുടെ ബ്ളഡ് സാംപിൾ ചെക്കു ചെയ്യുകയും വേണ്ട. അവരെ പറഞ്ഞു വിട്ടേര്. ഈ നിമിഷം."
കോൾ മുറിഞ്ഞു.
(തുടരും)