കേരളത്തിന്റെ പത്രപ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന എം.എസ്.മണി ഓർമ്മയായി. കേരളകൗമുദിയിലൂടെ കലാകൗമുദിയിലെത്തിയ മണിയുടെ സംഭാവനകൾ രേഖപ്പെടുത്താതെ കേരളത്തിന്റെ പത്രപ്രവർത്തന ചരിത്രം പൂർത്തിയാക്കാനാവില്ല. അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ ശബ്ദവും മുഖവുമായിരുന്നു കേരളകൗമുദി. പത്രാധിപർ കെ സുകുമാരൻ എല്ലാവരുടെയും പത്രാധിപരായിരുന്നു. കേരളകൗമുദിയുടെ അങ്കണത്തിൽ പിച്ചവച്ചു നടന്ന, പത്രാധിപരുടെ മൂത്ത പുത്രനായ മണി പിതാവിനെപ്പോലെ പത്രപ്രവർത്തന രംഗത്ത് ശ്രദ്ധേയനായി. അഴിമതികളിലും കെടുകാര്യസ്ഥതയിലും ഭരണസംവിധാനങ്ങൾ അഭിരമിക്കുമ്പോൾ ഇടിവെട്ടുന്ന ശബ്ദത്തോടെ ഗർജ്ജിക്കുന്ന പത്രാധിപർ സുകുമാരന്റെ പാരമ്പര്യം എം.എസ്. മണിയും പിൻതുടർന്നു.
സംവരണ പ്രശ്നമുയർത്തിയ പത്രാധിപർ സുകുമാരന്റെ കുളത്തൂർ പ്രസംഗം ഇന്നും ചരിത്രത്തിന്റെ ഭാഗമായി ശേഷിക്കുന്നു. കേരളകൗമുദിയിൽ എം.എസ്.മണി ബൈലൈൻ വച്ച് എഴുതിയ ‘കാട്ടുകള്ളന്മാർ’ എന്ന ലേഖനം ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തി. കേരളരാഷ്ട്രീയം തന്നെ പ്രക്ഷുബ്ധമായി. എം.എസ്. മണിയുമായി പരിചയപ്പെടുന്നത് ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ്.
ഞാൻ ഒന്നാം വർഷ വിദ്യാർത്ഥിയായി യൂണിവേഴ്സിറ്റി കോളേജിലെത്തുമ്പോൾ മണി അവസാന വർഷമായിരുന്നു. കോളേജിൽ ഞങ്ങളുടെ സീനിയേഴ്സും ഉറ്റ ചങ്ങാതിമാരുമായിരുന്ന പലരെയും ഓർത്തുപോകുന്നു. മണിയുടെ സതീർത്ഥ്യരായിരുന്ന കണിയാപുരം രാമചന്ദ്രൻ, പ്രൊഫ. റ്റി.ജെ. ചന്ദ്രചൂഡൻ, ഇസ്മയിൽ (ഖദീജ തീയേറ്റർ, ചിറയിൻകീഴ്), ഗോപൻ (എ.ഐ.ആർ), എൻ. കൃഷ്ണൻനായർ ഐ.പി.എസ്., സുന്ദരം ധനുവച്ചപുരം, എൻ.ആർ.എസ്. ബാബു (കലാകൗമുദി), രാജശേഖരൻ തുടങ്ങിയ എത്രയോ പേർ മണിയുടെ സഹപാഠികളായിരുന്നു. ഇവരിൽ പലരും മൺമറഞ്ഞു.
മണിയുടെ അവസാന നാളുകളിലും ഞാൻ അദ്ദേഹത്തെ കാണാനെത്തുമായിരുന്നു. തിരുവനന്തപുരം ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന സമയത്ത് ഞാൻ നിരവധി തവണ മണിയെ കാണാനെത്തി.
എന്റെ രാഷ്ട്രീയ ജീവിതത്തിൽ എം.എസ്. മണി ശക്തമായ ഇടപെടൽ നടത്തിയതിന്റെ നല്ല ഫലങ്ങൾ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. എന്നെപ്പോലെ എത്രയോ പേർ പൊതുരംഗത്തും ഭരണരംഗത്തും പ്രശസ്തരായതിനു പിന്നിൽ കേരളകൗമുദിക്കും മണിക്കും നിർവ്വഹിക്കാൻ കഴിഞ്ഞ പങ്ക് ചെറുതായിരുന്നില്ല. കെ.വിജയരാഘവൻ, വേണാട്ട് കരുണാകരൻ, ജി.വേണുഗോപാൽ, പ്രൊഫ. ജഗനാഥപ്പണിക്കർ, വർഗീസ്, കെ.ജി. പരമേശ്വരൻ നായർ... തുടങ്ങി കേരളകൗമുദിയുടെ അണിയറ ശില്പികളായി പ്രവർത്തിച്ച എത്രയോ പ്രമുഖരുണ്ട്. ഒളിവുജീവിതം നയിച്ചിരുന്ന കാലത്ത് സഖാവ് ഇ.കെ.നായനാരും കേരളകൗമുദിയിലെത്തിയിരുന്നു. ജവരുടെയെല്ലാം സ്നേഹവാത്സല്യങ്ങൾ നേടിയെടുത്തു കൊണ്ടുള്ള സേവനമാണ് കേരളാകൗമുദിയിൽ മണി നിർവഹിച്ചത്.
കേരളത്തിന്റെ സാഹിത്യ- സാംസ്കാരിക രംഗത്ത് മണിയുടെ ശ്രദ്ധ ചെന്നെത്തിയതിന്റെ ഫലമായി ‘കലാകൗമുദി’ വാരികയും പ്രസിദ്ധീകരിച്ചു. പ്രൊഫ.എം.കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം എന്ന കലാകൗമുദിയിലെ സ്ഥിരം പംക്തി മലയാള സാഹിത്യത്തിന് ഒരു പുതിയ മുഖം നൽകി.
കലാകൗമുദിയിലൂടെ ഒട്ടേറെ സാഹിത്യകാരന്മാർ പ്രശസ്തരായി. ഇവരിൽ എസ്. ജയചന്ദ്രൻ നായരും, എൻ.ആർ.എസ്. ബാബുവും മണിയുടെ ജീവിതത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന സുഹൃത്തുക്കളാണെന്ന് പറയാതെ വയ്യ.
മണിയുടെ സഹോദരനും കുറച്ചു കാലം കേരളകൗമുദിയുടെ എം.ഡി.യുമായിരുന്ന മധുവും; ശ്രീനിവാസനും തുടർന്ന് ദീർഘനാൾ കേരളകൗമുദിയുടെ ചീഫ് എഡിറ്ററും എം ഡിയും ആയിരുന്ന രവിയുമെല്ലാമായി ദീർഘ നാളത്തെ ബന്ധം പുലർത്താൻ എനിക്കു കഴിഞ്ഞു. ദീപു രവി, ദർശൻ രവി എന്നിവരുമായുള്ള ബന്ധം കേരളകൗമുദി വഴി ഞാനിപ്പോഴും തുടരുന്നു. കേരള രാഷ്ട്രീയ – സാമൂഹ്യ, മാധ്യമ രംഗത്ത് ഒരു വടവൃക്ഷമായി വളർന്നു നിൽക്കുന്ന പത്രാധിപർ സുകുമാരന്റെ മൂത്തപുത്രനും പത്രപ്രവർത്തനരംഗത്തെ അതികായനുമായ എം.എസ്.മണിയുടെ വേർപാടിൽ ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.