-caroline-flack-

ലണ്ടൻ: പ്രമുഖ ബ്രിട്ടീഷ് ടെലിവിഷൻ അവതാരക കരോലിൻ ഫ്ളാക്കിന്റെ ആത്മഹത്യയുടെ കാരണം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശരിക്കുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനിലെ ഫ്‌ളാറ്റിൽ കരോലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയിലിൽ പോകേണ്ടിവരുമെന്ന ഭയമായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. ആൺസുഹൃത്തിനെ ആക്രമിച്ച കേസിൽ കരോലിനെതിരായ വിചാരണ മാർച്ചിലാണ് ആരംഭിക്കുന്നത്.

കേസിൽ തെളിവുകൾ തനിക്കെതിരാണെന്നും അതിനാൽ ശിക്ഷകിട്ടുമെന്നും കരോലിൻ ഭയപ്പെട്ടിരുന്നു എന്നുമാണ് അവരോട് അടുപ്പമുള്ളവർ പറയുന്നത്. ജയിലിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കാൻപോലും പറ്റുന്നില്ലെന്നും കരോലിന പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളിൽ കടുത്ത സമ്മർദം അനുഭവിച്ചിരുന്നതായും കേസിൽ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിരുതായും അടുപ്പക്കാർ പറയുന്നു. പിന്നാലെയാണ് കരോലിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.


ബ്രിട്ടനിലെ പ്രശസ്തമായ ടി.വി. റിയാലിറ്റി ഷോയായ ലൗ ഐലന്റിന്റെ മുൻ അവതാരകയായിരുന്നു കരോലിൻ. ഈ ഷോയിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായതും. കഴിഞ്ഞ ഡിസംബറിൽ ആൺസുഹൃത്തായ ഇരുപത്തേഴുകാരനെ ആക്രമിച്ചെന്ന കേസിൽ ഉൾപ്പെട്ടതോടെ കരോലിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ഈ കേസിൽ കരോലിനെ പൊലീസ് അറസ്റ്റുചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. അതേസമയം ലൗ ഐലന്റുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ആത്മഹത്യകൂടി നടന്നതോടെ ഷോ അവസാനിപ്പിക്കാൻ ഐ.ടി. വി ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്. കരോലിൻ ആത്മഹത്യചെയ്യുന്നതിനിമുമ്പ് ഷോയിലെ രണ്ട് മത്സരാർത്ഥികൾ ജീവനൊടുക്കിയിരുന്നു. ടെലിവിഷൻ ചരിത്രത്തിലെതന്നെ വമ്പൻ റിയാലിറ്റി ഷോയിൽ ഒന്നാണ് ലൗ ഐലന്റ്. വൻ റേറ്റിംഗിലൂടെ ഏറെ സാമ്പത്തിക നേട്ടമാണ് ഷോ ഉണ്ടാക്കുന്നത്.