പത്രപ്രവർത്തന രംഗത്ത് നവീന ആശയങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവന്ന അതുല്യപ്രതിഭയായിരുന്നു അന്തരിച്ച എം.എസ്. മണി. പത്രാധിപർ കെ. സുകുമാരനു ശേഷം കേരളകൗമുദിയുടെ നായകത്വം ഏറ്റെടുത്ത മണിയുടെ കാലഘട്ടത്തിൽ സമസ്തമേഖലകളിലും ഒട്ടേറെ പരിഷ്കാരങ്ങൾ കേരളകൗമുദിയിൽ സംഭവിക്കുകയുണ്ടായി.
അരനൂറ്റാണ്ടിലധികം തുടർന്ന സൗഹൃദബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. 1964-ൽ കെ.എസ്.യുവിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയപ്പോൾ അന്ന് വാൻറോസ് ബംഗ്ലാവിലെ കെ.പി.സി.സി ഓഫീസിൽ പോയതിനു ശേഷം നേരേ ചെന്നത് പേട്ടയിലെ കേരളകൗമുദി ഓഫീസിലേക്കാണ്. അവിടെ പത്രാധിപർ കെ. സുകുമാരനെ കണ്ട് അനുഗ്രഹം വാങ്ങി. അന്നു മുതൽ പത്രാധിപരുടെ മരണം വരെ നല്ല ബന്ധമായിരുന്നു.
പത്രാധിപരുടെ കാലഘട്ടത്തിൽ എനിക്കു മാത്രമല്ല, കോൺഗ്രസിന്റെ യുവനിരയ്ക്കാകെ നിർലോപമായ പ്രോത്സാഹനവും സ്നേഹവുമാണ് ചൊരിഞ്ഞുകിട്ടിയത്. അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ, താഴെ എം.എസ്. മണിയുണ്ട്, അദ്ദേഹത്തെക്കൂടി ഒന്ന് കണ്ടിട്ടു പൊയ്ക്കൊള്ളാൻ പത്രാധിപർ എന്നോടു പറഞ്ഞു. അന്നേരം താഴെ ഡസ്കിൽ പത്രാധിപസമിതി അംഗങ്ങളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. കണ്ടയുടൻ ചർച്ച നിറുത്തിവച്ച് എന്നോട് ദീർഘമായി സംസാരിച്ചുതുടങ്ങി. കെ.എസ്.യുവിനെപ്പറ്റിയും വ്യക്തിപരമായുമൊക്കെ ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. പത്രാധിപസമിതി അംഗങ്ങളെയെല്ലാം എനിക്ക് പരിചയപ്പെടുത്തി.
ഞാൻ കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായിരുന്നപ്പോഴും തുടർന്നിങ്ങോട്ടുള്ള രാഷ്ട്രീയജീവിതത്തിലും മിക്കവാറും ഘട്ടങ്ങളിൽ എനിക്ക് പ്രോത്സാഹനവും പിന്തുണയും തന്ന കേരളകൗമുദി പത്രാധിപരായിരുന്നു എം.എസ്. മണി. എം.എസ്. മണിയിൽ ഞാൻ കണ്ട സവിശേഷത അദ്ദേഹം എന്നും നവീന ആശയങ്ങളെ പിന്തുണച്ചുവെന്നതാണ്. പുരോഗമന ആശയങ്ങളെ നിരുപാധികമായി പിന്തുണയ്ക്കുന്ന വ്യക്തിയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിൽ അദ്ദേഹം തത്പരനായിരുന്നു. കണിയാപുരം രാമചന്ദ്രൻ അടക്കമുള്ള സഹപാഠികളാണ് അദ്ദേഹത്തിൽ വിദ്യാർത്ഥിരാഷ്ട്രീയത്തോട് താത്പര്യം ജനിപ്പിച്ചത്. കക്ഷി നോക്കാതെ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും യുവജന പ്രസ്ഥാനങ്ങളെയും അവയിലൂടെ വളർന്നുവന്ന നേതാക്കളെയും കലവറയില്ലാതെ പിന്തുണയ്ക്കാൻ അദ്ദേഹം താത്പര്യം കാട്ടി. പത്രാധിപരുടെ കാലത്തും അതിനു ശേഷവും കേരളകൗമുദിയുടെ വളർച്ചയിൽ എം.എസ്. മണി നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. പത്രത്തിന് പുതിയ പതിപ്പുകൾ തുടങ്ങാനും അദ്ദേഹം മുൻകൈയെടുത്തു.
മണിയുടെ കാലഘട്ടത്തിൽ കേരളത്തിലെ ഒന്നാമത്തെ വാർഷികപ്പതിപ്പ് കേരളകൗമുദിയുടേതായിരുന്നു. ഓരോ വർഷവും വാർഷികപ്പതിപ്പിന് കഥകളും കവിതകളും ലേഖനങ്ങളും തേടി ഇഷ്ട ചങ്ങാതികളെയും കൂട്ടി അദ്ദേഹം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്യുമായിരുന്നു. യാത്രയ്ക്കിടയിൽ പലപ്പോഴും എറണാകുളത്തു വച്ച്, അന്ന് അവിടെ താമസമായിരുന്ന എന്നെ കാണും. ഞാനും മിക്കപ്പോഴും അദ്ദേഹത്തെ വിളിച്ചു. ആ കാലഘട്ടത്തിലെ പ്രമുഖ സാഹിത്യ നായകനായിരുന്ന വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ളവർ തൊട്ട് ഇളംതലമുറയിലെ എഴുത്തുകാർ വരെയുള്ളവരുടെ കഥകളും ലേഖനങ്ങളും കവിതകളും വാർഷികപ്പതിപ്പിൽ നിർബന്ധപൂർവം അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇടക്കാലത്ത് അദ്ദേഹം കലാകൗമുദി വാരികയും മറ്റു പ്രസിദ്ധീകരണങ്ങളും ആരംഭിച്ചു.
രാഷ്ട്രീയ വാർത്തകൾക്കൊപ്പം സമൂഹത്തിലെ വിവിധ തലങ്ങളിൽ നടക്കുന്ന വർത്തമാനങ്ങൾക്കും തുല്യപ്രാധാന്യം നൽകുക വഴി എല്ലാത്തരം വായനക്കാരെയും കേരളകൗമുദിയിലേക്ക് ആകർഷിക്കാൻ മണിക്കു സാധിച്ചു. പത്രാധിപരുടെ കാലം മുതൽ പുലർത്തിപ്പോന്ന നിലപാടുകൾ വിട്ടുവീഴ്ചയില്ലാതെ തുടരുമ്പോൾത്തന്നെ എല്ലാ രംഗത്തെയും അനീതികൾക്കെതിരെ പോരാടാനും മണി താത്പര്യം കാണിച്ചു. ഈ താത്പര്യം പലപ്പോഴും സാഹസികതയിലേക്കും നീങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് വ്യക്തിപരമായും കേരളകൗമുദിക്ക് പൊതുവായും സമൂഹത്തിലെ പ്രബലരോട് ഏറ്റുമുട്ടേണ്ടി വന്നു. അതൊന്നും പക്ഷേ മണിയെ ബാധിച്ചില്ല. ശരിയെന്നു തോന്നുന്ന നിലപാടിനായി പ്രത്യാഘാതങ്ങളോ ലാഭനഷ്ടങ്ങളോ നോക്കാതെ പോരാടാൻ അദ്ദേഹം തയ്യാറായി. അതുകൊണ്ടുതന്നെ സാഹസികനായ പത്രപ്രവർത്തകനെന്നും അദ്ദേഹത്തെ വിശേഷിപ്പിക്കണം.
പത്രാധിപർ എന്ന നിലയിൽ അദ്ദേഹം ആ പദവിയിലിരിക്കുക മാത്രമായിരുന്നില്ല, മറിച്ച് ന്യൂസ് ഡസ്കിന്റെ ഒരു ടീം ക്യാപ്റ്റൻ തന്നെയായാണ് പ്രവർത്തിച്ചത്. പത്രാധിപസമിതി അംഗങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളിൽ വരെ അങ്ങേയറ്റത്തെ താത്പര്യത്തോടെ ഇടപെട്ടു. തിരിഞ്ഞുനോക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി തോന്നുന്നത് യുവജന നേതാക്കളോടു കാട്ടിയ അതിയായ താത്പര്യമാണ്. അന്നത്തെ വിദ്യാർത്ഥി, യുവജന രാഷ്ട്രീയം ഒരുപാട് താത്പര്യങ്ങളോട് ഏറ്റുമുട്ടിയ കാലഘട്ടമായിരുന്നു. അത്തരം പോരാട്ടങ്ങളിലെല്ലാം എം.എസ്. മണിയും കേരളകൗമുദിയും യുവജന നേതാക്കൾക്കൊപ്പമുണ്ടായി.
ഞാൻ കണ്ട അതിസാഹസികരും ഉറച്ച നിലപാടുകളുള്ളവരുമായ പത്രാധിപന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് മണിയുടെ സ്ഥാനം. കേരളത്തിലെ മാദ്ധ്യമരംഗത്തെ ഇതിഹാസ നായകരുടെ കൂട്ടത്തിൽ ഒരു കാലഘട്ടത്തിൽ മുൻപന്തിയിലുണ്ടായ വ്യക്തിയാണ് എം.എസ്. മണി. കേരളത്തിലെ മാദ്ധ്യമരംഗത്തിന് അദ്ദേഹത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല.