b

കടയ്ക്കാവൂർ: പ്രകൃതി രമണീയമായ അരിയിട്ടകുന്നിൽ ശ്രീനാരായണഗുരുദേവൻ ശിലാസ്ഥാപനം നടത്തിയ ശ്രീനാരായണവിലാസം സമാജം ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ നിറവിൽ. 1920 ലാണ് ചിറയിൻകീഴ് താലൂക്കിലെ രണ്ടാമത്തെ ഹൈസ്കൂളായ ഇൗ വിദ്യാലയം കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചത്. സ്ത്രീകൾക്ക് വിദ്യാഭ്യാസ രംഗത്ത് അവഗണനയുണ്ടായിരുന്ന കാലത്ത് പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം എന്ന ഗുരുദേവവചനത്തിന്റെ അടിസ്ഥാനത്തിൽ നെടുങ്ങണ്ടയിലെ വിദ്യാസമ്പന്നരായ ഏതാനം യുവാക്കൾ മുൻകൈയെടുത്താണ് ഇൗ സ്കൂളിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ ആദ്യ പ്രഥമാദ്ധ്യാപകനായത് മദ്രാസിൽ നിന്നെത്തിയ ഗുരുസ്വാമി അയ്യർ എന്ന വിദ്യാഭ്യാസവിചക്ഷണനായിരുന്നു. ആർ.എസ്. രാമസ്വാമി അയ്യർ, ഗിരിനാഥഅയ്യർ, ഹരിഹരിഅയ്യർ, കൃഷ്ണയ്യർ, നാരായണഅയ്യങ്കാർ, കെ.എം. ജോൺജ്ഞാനശിഖാമണി, കമലം, സി.എ. രങ്കശായി രാമകൃഷണപിളള, കോട്ടൂർ ഗോപാലപിളള, കെ.ജി. ഗോവിന്ദൻ, സി.കെ. മാധവൻ, യു.കെ. വാസുദേവൻ ആശാരി, സി. കേശവൻ, മയ്യനാട് കെ. ദാമോദരൻ, സി.പി. കേശവൻ വെദ്യർ, പി. രാമൻ‌ മുൻഷി, കെ.പി. കേശവൻ, നാരായണഗുരുവിന്റെ ശിഷ്യനും ഡോ. പൽപ്പുവിന്റെ പുത്രനുമായിരുന്ന ഡോ. പി. നടരാജൻമാസ്റ്റർ (നടരാജഗുരു), പ്രശസ്ത കവി നിലമ്പേരൂർ രാമകൃഷ്ണൻനായർ എന്നീ പ്രഗത്ഭർ അദ്ധ്യാപനവൃത്തി നടത്തിയിരുന്ന തിരുവിതാംകൂറിലെ പ്രശസ്ത സ്കൂളാണിത്. മുൻ ഹൈക്കോടതി ജഡ്ജ് കെ. സദാശിവൻ, റിട്ട. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ കെ.പി. ഗോവിന്ദൻ, റിട്ട. റെയിൽവെ ജനറൽ മാനേജർ എ. സുകുമാരൻ, വക്കം പുരുഷോത്തമൻ, വർക്കല രാധാകൃഷ്ണൻ, ഡോ. സി.എൻ രാഘവൻ, മുൻ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ശ്രീനിവാസൻ, ദേവസ്വം ബോർഡ് ചെയർമാനും എം.എൽ.എയുമായിരുന്ന മങ്കുഴി മാധവൻ, മലബാർ കമ്മീഷണറായിരുന്ന മങ്കുഴി കുഞ്ഞികൃഷ്ണൻ തുടങ്ങി ഒട്ടനവധി പ്രഗത്ഭരെ വാർത്തെടുക്കാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഗുരുദേവന്റെ പാദസ്പർശം കൊണ്ടും കുമാരനാശാന്റെ സ്നേഹബന്ധം കൊണ്ടും വളർന്ന് ശ്രീനാരായണ ഗുരുദേവ സ്മാരകമായ ഇൗ സരസ്വതി ക്ഷേത്രം കായിക്കര ആശാൻ സ്മാരകത്തിനും ശിവഗിരിമഠത്തിനും മദ്ധ്യത്തുള്ള അരിയിട്ട കുന്നിൽ ഇന്ന് നൂറിന്റെ നിറവിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്.