nigraham-17

''സാർ..." എസ്.പിയോട് അങ്ങോട്ട് ഒന്നും പറയുവാനുള്ള അവസരം കിട്ടിയില്ല സി.ഐ ഇഗ്‌നേഷ്യസിന്.

ഹോസ്പിറ്റലിനു മുന്നിൽ ബൊലേറോ ബ്രേക്കിട്ടു കഴിഞ്ഞിരുന്നു.

എന്തുവേണമെന്ന് അറിയാതെ ദേഷ്യത്തിൽ പിന്നിലേക്കു തിരിഞ്ഞുനോക്കി ഇഗ്‌നേഷ്യസ്.

ഇന്നോവയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത നാലുപേരും ഇരുന്നു ചിരിക്കുന്നു!

''എന്താ സാറേ... ഞങ്ങളെ വിട്ടേക്കാൻ പറഞ്ഞു. അല്ലേ?"

മൊട്ടത്തലയൻ ശിരസ്സിൽ ഒന്നു തടവി.

ആത്മനിന്ദ തോന്നി ഇഗ്‌നേഷ്യസിന്. സുപ്പീരിയേഴ്സിന്റെ ആജ്ഞകൾ അനുസരിക്കുക മാത്രമാണോ തന്റെ ജോലി?

ഒരുതരം ബ്രിട്ടീഷ് ഭരണം പോലെ..

ഇവരെ വിട്ടയച്ചുകഴിഞ്ഞാൽ തനിക്ക് ജനങ്ങളുടെ മുന്നിൽ മുഖമുയർത്തി നിൽക്കാൻ കഴിയുമോ?

ഇന്നലത്തേത് ഇന്നും ആവർത്തിക്കുന്നു.

ഇന്നലെ സിദ്ധാർത്ഥ് ചോദിച്ചത് സത്യമല്ലേ? മന്ത്രിമാർക്ക് സുരക്ഷപാതയൊരുക്കി പിന്നാലെ പായാനും വാച്ചറന്മാർക്ക് അടുക്കളപ്പണി ചെയ്യാനും മാത്രമാണോ ഇവിടെ പോലീസ്?

''സാർ..." പോലീസ് ഡ്രൈവറുടെ ശബ്ദമാണ് ഇഗ്‌നേഷ്യസിനെ ഉണർത്തിയത്.

അയാളും കാര്യം ഊഹിച്ചെന്ന് സി.ഐ മനസ്സിലാക്കി.

''എന്തുചെയ്യണം സാർ?"

''എന്തുചെയ്യാൻ?" പിന്നിൽ നിന്ന് പരിഹാസം കേട്ടു... ഞങ്ങളെ എവിടെ നിന്നു കയറ്റിയോ അവിടെത്തന്നെ കൊണ്ടു വിട്ടിട്ട് നീട്ടിയൊരു സല്യൂട്ടും തന്ന്, ഞങ്ങടെ വണ്ടിയും തിരിച്ചേൽപ്പിച്ചേച്ച് സാറമ്മാരു പോയാട്ടെ."

ഇഗ്‌നേഷ്യസിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി. അയാളുടെ കടിച്ചുപിടിച്ച പല്ലുകൾക്കിടയിൽ വാക്കുകൾ ചതഞ്ഞരഞ്ഞു.

''ബോബീ."

തിരിഞ്ഞുനോക്കാതെ അയാൾ വിളിച്ചു.

''സാർ." പിന്നിൽ നിന്നു എസ്.ഐ ബോബികുര്യന്റെ ശബ്ദം.

''ഡോക്ടർ തോമസിന്റെ റൂമിലേക്കു കൊണ്ടുപോ ഇവരെ."

അത് കേട്ട് കസ്റ്റഡിയിൽ ഇരുന്നവർ അമ്പരന്നു.

''സാറേ.. ഇത് തീക്കളിയാ."

''അതേടാ. കളിക്കുമ്പം മിനിമം തീ കൊണ്ടുതന്നെ വേണം."

സി.ഐ ബൊലേറോയിൽ നിന്നിറങ്ങി. പാന്റ് മുകളിലേക്കു വലിച്ചു വച്ചിട്ട് തൊപ്പി ഒന്നുകൂടി ഉറപ്പിച്ചു.

ഹോസ്പിറ്റലിൽ വന്ന ജനങ്ങൾക്കിടയിലൂടെ അവർ നാലുപേരെയും പോലീസ് സംഘം ഡോ. തോമസിന്റെ ക്യാബിനിലേക്കു നടത്തി...

ബ്ളഡ് സാംപിൾ എടുത്തുകഴിഞ്ഞപ്പോഴേക്കും വീണ്ടും വന്നു ഇഗ്‌നേഷ്യസിന്, എസ്.പിയുടെ വിളി.

''അവരെ വിട്ടല്ലോ. അല്ലേ?"

''നോ സാർ..."

അപ്പുറത്തെ ഞെട്ടൽ

ഫോണിലൂടെ തിരിച്ചറിഞ്ഞു ഇഗ്‌നേഷ്യസ്.

''വാട്ട്?!" താനെന്താ പറഞ്ഞത്?"

''സോറി സാർ... ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിനിടയാക്കിയ, ഒരു സ്ത്രീയുടെ രണ്ട് കാലുകളും നഷ്ടപ്പെടുത്തിയവരെ വിട്ടയയ്ക്കണമെന്ന് സാർ പറയാൻ പാടില്ലായിരുന്നു..."

''ഇഗ്‌നേഷ്യസ്."

''അതെ സാർ... എന്തു കാരണത്തിന്റെ പേരിൽ എനിക്ക് അവരെ വിട്ടയയ്ക്കാൻ കഴിയും? കേസ് ചാർജ് ചെയ്ത് ഇന്നുതന്നെ അവരെ ഞാൻ മജിസ്ട്രേട്ടിനു മുന്നിലെത്തിക്കും സാർ. പിന്നെ അദ്ദേഹം തീരുമാനിക്കട്ടെ..."

അപ്പുറത്തുനിന്ന് പല്ലു ഞെരിയുന്ന ശബ്ദം കേട്ടു.

സി.ഐ ഇഗ്‌നേഷ്യസ് തുടർന്നു:

''അതല്ലെങ്കിൽ സാറ് ഒഫീഷ്യലായി എനിക്ക് ലെറ്റർ തരണം. ഞാൻ അവരെ വിട്ടേക്കാം. നൂറുകണക്കിന് ആളുകൾ ആ സംഭവത്തിനും ഞാൻ കസ്റ്റഡിയിൽ എടുത്തതിനും വിറ്റ്‌നസ്സുകളാണ്. ഇനി ഇവരിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പോലും മറുപടി നൽകേണ്ട ബാദ്ധ്യത എനിക്കു മാത്രമാണ്. അതുകൊണ്ട് സാറിന് ഒന്നും തോന്നരുത്."

എസ്.പിയുടെ മറുപടിക്കു കാക്കാതെ ഇഗ്‌‌നേഷ്യസ് കോൾ കട്ടു ചെയ്തു.

അപ്പോൾ രണ്ട് ബൈക്കുകളും രണ്ട് കാറുകളും അവിടെവന്നു ബ്രേക്കിട്ടു.

മീഡിയക്കാർ!

അവരോട് ഇഗ്‌നേഷ്യസ് കാര്യം വിശദീകരിക്കുകയും കുറ്റവാളികളുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുവാൻ അനുവദിക്കുകയും ചെയ്തു.

മദ്യലഹരി വിട്ടുമാറാത്ത കുറ്റവാളികൾ അവരെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതും മീഡിയക്കാർ ക്യാമറയിൽ പകർത്തി.

പതിനഞ്ചു മിനുട്ട്.

തന്റെ മുന്നിലെ ടിവിയിൽ തെളിഞ്ഞ ന്യൂസ് ചാനലിലെ ചിത്രങ്ങൾ കണ്ട് എസ്.പി കൃഷ്ണപ്രസാദ് വിളറി.

അയാൾക്കു മുന്നിൽ ഷാജി ചെങ്ങറയും ഉണ്ടായിരുന്നു. അയാൾക്കും വാക്കുകൾ നഷ്ടപ്പെട്ട അവസ്ഥയായി.

''ഞാനിനി എന്തു ചെയ്യാനാ ഷാജീ?"

കൃഷ്ണപ്രസാദ് കർച്ചീഫ് എടുത്ത് മുഖം തുടച്ചു. ''തന്റെ ആളുകൾ മീഡിയക്കാരെ ചീത്തവിളിക്കുന്നതു കണ്ടില്ലേ? ഒരേയൊരു ആശ്വാസമേയുള്ളു എനിക്ക്. ഇഗ്‌നേഷ്യസ് ഞാൻ ഇതിൽ ഇടപെട്ട വിവരം പുറത്തുവിട്ടില്ല."

ഷാജി ചെങ്ങറ അല്പനേരം ചിന്തിച്ചിരുന്നു. ശേഷം തിരക്കി.

''ഇന്നുതന്നെ അവർക്ക് ബെയിൽ കിട്ടുന്ന വകുപ്പുകൾ ചേർപ്പിക്കാൻ സാറിനു കഴിയുമോ?"

''ബുദ്ധിമുട്ടാണ്. നാലുപേരും മദ്യപിച്ചിരുന്ന നിലയ്ക്ക് മനപ്പൂർവ്വമല്ലാത്ത നരഹത്യയെങ്കിലും ചാർജ് ഷീറ്റിൽ ഇല്ലാതിരിക്കാനാവില്ല. എന്തായാലും റിമാന്റ് ഉറപ്പ്. പോരെങ്കിൽ ആർക്കും സ്വാധീനിക്കാൻ കഴിയാത്ത മജിസ്ട്രേറ്റും. എന്നോടാണെങ്കിൽ പണ്ടേ അയാൾക്കൊരു ചൊരുക്കുമുണ്ട്."

അമർത്തി മൂളിക്കൊണ്ട് ഷാജി എഴുന്നേറ്റു.

''തിരുവനന്തപുരത്തു നിന്ന് എന്നോടേ ചോദ്യമുണ്ടാകു. എന്റെ അടുത്തേക്കാണല്ലോ അവർ വന്നത്? അവരെ രക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ലെന്ന് ഞാനെങ്ങനെ പറയും? ബൈ ദി ബൈ ആ സി.ഐയ്ക്ക് ഒരു സസ്പെൻഷനെങ്കിലും ഒരുക്കിത്തരാൻ പറ്റുമോ സാറിന്? തൊപ്പി പോയി ഒരു മണിക്കൂർ കിട്ടിയാൽ മതി. എനിക്കവനെ അങ്ങനെ കിട്ടണം സാർ. എങ്കിലേ എന്റെ കലിയടങ്ങൂ."

എസ്.പി കണ്ണടച്ച് ഒരു നിമിഷം ഇരുന്നു.

പിന്നെ ചുണ്ടനക്കി.

''ഞാനൊരു മാർഗ്ഗം പറയാം. പണ്ട് മെഴുവേലി സ്വദേശിയായ ഒരു സി.ഐയെ ഞാൻ അങ്ങനെ പൂട്ടിയിട്ടുണ്ട്. മലപ്പുറത്തു വച്ച്..."

ഷാജി ചെങ്ങറയുടെ മുഖം തെളിഞ്ഞു.

അയാൾ പെട്ടെന്നു വീണ്ടും ഇരുന്നു.

(തുടരും)