online

തിരുവനന്തപുരം : ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലാക്കാൻ ഈസ് ഒഫ് ഡൂയിംഗ് ഹജ്ജുമായി കേന്ദ്രസർക്കാർ. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർണമായി ഓൺലൈനാക്കി. ഇതോടെ ഈ മേഖലയിലെ ഇടത്തട്ടുകാർ ഒഴിവാകും എല്ലാവർക്കും താങ്ങാനാവുന്ന ചെലവ് മാത്രമേ ഉണ്ടാവൂ എന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി പറഞ്ഞു.

ഹജ് സബ്സിഡി എടുത്തുകളഞ്ഞെങ്കിലും ഹജ്ജ് അനുഷ്ഠിക്കുന്നവർക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാതെയാണ് പുതിയ സംവിധാനം. ഹജ്ജിന് ഓൺലൈനായി അപേക്ഷ നൽകൽ, ഇ-വിസാ, ഹജ് മൊബൈൽ ആപ്, ആരോഗ്യ സംവിധാനമായ ഇ- മസിഹാ, ഇ-ലഗേജ് പ്രീ ടാഗിംഗ്, മക്ക, മദീന എന്നിവിടങ്ങളിലെ യാത്ര-താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ഹജ് യാത്രികരുടെ സിംകാർഡ് ആപ്പുമായി ബന്ധിപ്പിക്കും. ഹജ് സംബന്ധമായ എല്ലാ വിവരങ്ങളും മൊബൈലിൽ കിട്ടും..

ഇന്ത്യയിൽ നിന്ന് പോകുമ്പോൾ ഹെൽത്ത് കാർ‌ഡ് ഉണ്ടാവുമെങ്കിലും മക്കയിലോ മദീനയിലോ എന്ത് അത്യാഹിതമുണ്ടായാലും സഹായകരമായ വിധത്തിൽ ഇ- മസിഹാ ( ഇ. മെഡിക്കൽ അസിസ്റ്റൻസ് സിസ്റ്റ ഫോർ ഇന്ത്യൻ പിൽഗ്രിംഗ് അബ്രോഡ്) വഴി സംവിധാനമേർപ്പെടുത്തി. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യസംബന്ധിയായ ഡാറ്റാ ബേസ് , ഡോക്ടർ‌മാരുടെ നിർദ്ദേശങ്ങൾ, വിതരണം ചെയ്ത മരുന്നുകൾ എന്നിവയെല്ലാം ഇ- മസിഹായിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഹജ് ഗ്രൂപ്പ് ഓർഗനൈസർമാരെയും ഡിജിറ്റൽ സംവിധാനത്തിൽ ഉൾപ്പെടുത്തി. എച്ച്.ജി.ഒമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പോർട്ടലും .( http://haj.nic.in/pto/)തയ്യാറായിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷം പേരാണ് ഈ വർഷം ഹജ്ജിന് പോകുന്നത്. ഇതിൽ 1,23,000 പേർ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവർ ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസർമാർ വഴിയുമാണ് .പുരുഷ സഹായികളില്ലാതെ 2100 മുസ്ലീം സ്ത്രീകളാണ് ഇത്തവണ ഹജിന് പോകുന്നത്. 650 ട്രെയിനർമാരും ഇവരെ സഹായിക്കാനായി പോകും.