തിരുവനന്തപുരം: അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെയും പരിസ്ഥിതി റിപ്പോർട്ടുകളുടെയും ശക്തിയും സൗന്ദര്യവും മലയാളത്തിൽ ആദ്യമായി ജനമനസുകളിലെത്തിച്ച പ്രശസ്ത മാദ്ധ്യമപ്രവർത്തകനും കേരള കൗമുദി മുൻ എഡിറ്റർ ഇൻ ചീഫും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ്. മണി (79) ഓർമ്മയായി. ഇന്നലെ പുലർച്ചെ മൂന്നോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ കലാകൗമുദി ഗാർഡൻസിൽ നടന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്തമകനാണ്. 1941 നവംബർ 4ന് കൊല്ലം മയ്യനാട്ടാണ് ജനനം. ആനുകാലിക പ്രസിദ്ധീകരണമായി 'കേരളകൗമുദി' ആരംഭിച്ച മുത്തച്ഛൻ സി.വി. കുഞ്ഞുരാമന്റെ സ്‌നേഹലാളനകളനുഭവിച്ച് മയ്യനാട് പാട്ടത്തിൽ വീട്ടിലാണ് വളർന്നത്. പേട്ട ഗവ. സ്‌കൂൾ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. പഴയ ഇന്റർമീഡിയറ്റ് കോളേജിൽ (ഇപ്പോഴത്തെ ഗവ. ആർട്സ് കോളേജ്) നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസായശേഷം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. വിദ്യാഭ്യാസ കാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷന്റെ സജീവ പ്രവർത്തകനായിരുന്നു.
1961ൽ കേരളകൗമുദി ഡൽഹി ലേഖകനായി ചുമതലയേറ്റു. നാലുവർഷം പാർലമെന്റ് ലേഖകനായിരുന്നു. 1962ലെ ചൈനീസ് യുദ്ധകാലത്ത് നീഫായിലും ലഡാക്കിലും പോയി അവിടെ നിന്ന് യുദ്ധവാർത്തകൾ റിപ്പോർട്ടു ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും ഇന്ത്യൻ യൂണിയനോട് ചേർക്കാൻ ഗോവയിൽ ഇന്ത്യൻ സൈന്യം പ്രവേശിച്ചതുമൊക്കെ അദ്ദേഹത്തിന്റെ എക്സ്‌ക്ലൂസീവ് വാർത്തകളായിരുന്നു. അക്കാലത്ത് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന എ. കെ. ഗോപാലനോടൊപ്പം വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നിരവധി യോഗങ്ങളിൽ പങ്കെടുത്തു. 1962ൽ ചൈനീസ് സൈന്യം അസാമിലും മേഘാലയയിലും കടന്നുകയറിയ വാർത്തയും അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ സൈനികരെ ഏറ്റുവാങ്ങാൻ ബോംധിലയിലെത്തിയ ഇന്ത്യൻ റെഡ്‌ക്രോസ് സംഘത്തോടൊപ്പം എം.എസ്.മണിയുമുണ്ടായിരുന്നു. അക്കാലത്ത് ബോംധിലയിലെ ആദിവാസികളെക്കുറിച്ച് അദ്ദേഹം റിപ്പോർട്ട് ചെയ്തു.

കേരളത്തിലെ ടൈറ്റാനിയം സമ്പത്ത് സ്വകാര്യമേഖലയിലൂടെ ജപ്പാന് നൽകാൻ വ്യവസായ മന്ത്രിയായിരുന്ന ടി.വി.തോമസ് നടത്തിയ ശ്രമങ്ങൾ പുറത്തുകൊണ്ടുവന്നതും അദ്ദേഹമാണ്. ഇതേതുടർന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം മന്ത്രിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കാൻ നിർബന്ധിതമായി. കെ.ആർ. നാരായണനെ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കേരളകൗമുദി മുഖപ്രസംഗം എം.എസ്. മണിയുടേതായിരുന്നു.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണ് ഭാര്യ. കേരളകൗമുദി അസിസ്റ്റന്റ് എഡിറ്ററായിരുന്ന വത്സാമണി മകളും കലാകൗമുദി മാനേജിംഗ്എഡിറ്റർ സുകുമാരൻ മണി മകനുമാണ്. കേരളകൗമുദി മുൻ റസിഡന്റ് എഡിറ്റർ എസ്. ഭാസുരചന്ദ്രൻ മരുമകനും ഫ്രഞ്ച് കൾച്ചറൽ സെന്റർ മുൻ ഡയറക്ടർ അമേലി വെയ്ജൽ മരുമകളുമാണ്. പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ.