mela

വെഞ്ഞാറമൂട്: മാണിക്കോട് ശ്രീ ശിവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള കാർഷിക വ്യാവസായിക വിപണന പ്രദർശന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. പത്തുദിവസം നീളുന്ന മേള കഴിഞ്ഞ ബുധനാഴ്ച ഡി.കെ. മുരളി എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. സർക്കാർ, അർദ്ധ സർക്കാർ തുടങ്ങി നൂറുകണക്കിന് സ്റ്റാളുകളാണ് മേളയിലുണ്ട്. ഇതോടൊപ്പം ഫാന്റസി പാർക്ക്, ജയന്റ് വീൽ, അമ്യൂസ്‌മെന്റ് പാർക്ക്, പുഷ്പമേള, അലങ്കാര മത്സ്യമേള, കുട്ടികളുടെ പാർക്ക് ഗൃഹോപകരണ മേള, ഭക്ഷ്യമേള തുടങ്ങിയവയും ഉണ്ട്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഓരോ ദിവസവും മേളയിലെത്തുന്നത്. മേളയുടെ മുൻ വശത്ത് തയ്യാറാക്കിയിട്ടുള്ള ഭരണഘടനയുടെ ആമുഖം നമ്മൾ ഒന്നാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഏറ്റവും ആകർഷകമായത്. മേളയിലെ 9 ബി ത്രീഡി സിനിമ കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ രസിപ്പിക്കുകയാണ്. ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണത്തിനുമായി തിരുവനന്തപുരം എ.ആർ ക്യാമ്പിൽ നിന്ന് പ്രത്യേക പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചു കൂടുതൽ പൊലീസ് സേവനം ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ അജയകുമാറും ചെയർമാൻ സുജിത് മോഹനും അറിയിച്ചു.