ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്ത് അവിടത്തെ പ്രശസ്തരായ ത്രിമൂർത്തികളായിരുന്നു എം.എസ്. മണിയും സ്പുട്നിക് സോമൻ എന്ന് അറിയപ്പെട്ടിരുന്ന സോമശേഖരൻ നായരും അയ്യപ്പൻകുട്ടി എന്ന് അറിയപ്പെട്ടിരുന്ന ടി.കെ.എ. നായരും. സോമൻ എന്റെ അച്ഛന്റെ ശിഷ്യനായിരുന്നതിനാൽ അദ്ദേഹം എന്റെ രക്ഷാകർതൃത്വം ഏറ്റെടുത്തിരുന്നു. അതുകൊണ്ട്, അവരെക്കാൾ ചെറുപ്പമായിരുന്നെങ്കിലും എന്നെയും അവരുടെ കൂട്ടായ്മയിലേക്ക് ദത്തെടുക്കുകയായിരുന്നു.
ഞങ്ങളുടെ ഏറ്റവും വലിയ വിനോദം കേരളകൗമുദിയുടെ വാനിൽ കയറി ശ്രീകുമാർ തിയേറ്ററിൽ സിനിമ കാണാൻ പോകുകയായിരുന്നു. അവർ മൂന്നുപേരും, വിശേഷിച്ച് മണി- ഒരു സഹോദരനെപ്പോലെ എന്നോട് പെരുമാറിയിരുന്നു. തിരുവനന്തപുരത്ത് അടുത്ത കാലത്ത് എത്തിയ എനിക്ക് അവർ മൂന്നു പേരുമായുള്ള അടുപ്പം കൊണ്ട് തലസ്ഥാനത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സുഹൃത്തായിരുന്ന 'വായിക്കുന്ന ഗോപൻ '' കാരണം അന്ന് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച അടൂർഭാസിയുടെ പ്രചരണത്തിനു വേണ്ടി വീടുകൾ കയറിയിറങ്ങിയത് ഇപ്പോഴും ഓർമ്മയുണ്ട്.
കോളേജ് വിട്ടതിനു ശേഷവും ഇവർ മൂന്നു പേരുമായും ഞാൻ സമ്പർക്കത്തിലായിരുന്നു. ഡൽഹിയിൽ മണിയെയും ചണ്ഡിഗഢിൽ അയ്യപ്പൻകുട്ടിയെയും തിരുവനന്തപുരത്ത് സോമനെയും കാണുമ്പോഴെല്ലാം ആ പഴയ സൗഹൃദം തുടർന്നിരുന്നു. വിദേശസഞ്ചാരത്തിനിടയിലും മണിയെ കാണാനും അദ്ദേഹത്തിൽ നിന്ന് കേരള വാർത്തകൾ മനസ്സിലാക്കാനും അവസരമുണ്ടായിരുന്നു.
മണിയും കസ്തൂരിയും ന്യൂയോർക്കിൽ ഞങ്ങളെ സന്ദർശിക്കുകയുണ്ടായി. കസ്തൂരി അന്നു മുതൽ കലാകൗമുദിയുടെ പ്രതികൾ എനിക്ക് എത്തിച്ചു തരാനുള്ള നിർദ്ദേശം നൽകി. അങ്ങനെ മണിയുടെ പത്രപ്രവർത്തനത്തെപ്പറ്റിയും അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകളെപ്പറ്റിയും മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ അദ്ദേഹത്തെ ആരാധിച്ചിരുന്നു. അപൂർവമായി കാണുകയും ചെയ്തിരുന്നു.
എന്റെ ലേഖനങ്ങളും എന്റെ ആദ്യത്തെ പുസ്തകത്തിന്റെ മലയാള പരിഭാഷയും കലാകൗമുദി പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ പത്രലോകത്തിനും വലിയ സുഹൃദ് വലയത്തിനും മണിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ നിര്യാണം തീരാനഷ്ടം തന്നെയാണ്.