മലയിൻകീഴ്: കഴിഞ്ഞ 50 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിളപ്പിൽ ശാല പൊലീസ് സ്റ്റേഷന് ഗ്രാമപഞ്ചായത്ത് സ്ഥലം അനുവദിച്ചതോടെ പുതിയ കെട്ടിടമായി. സ്റ്റേഷൻ പ്രവർത്തനം പുതിയ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഇത്രയും വർഷത്തെ തൊണ്ടി വാഹനം ഇപ്പോഴും പഴയ വാടകക്കെട്ടിത്തിന്റെ പരിസരത്തുതന്നെ കിടക്കുകയാണ്. പൊലീസ് സ്റ്റേഷന് കെട്ടിടമില്ലാതെ വന്നപ്പോഴാണ് വിളപ്പിൽശാല ജംഗ്ഷന് സമീപത്തെ കുശവൂർ കുടുംബം കെട്ടിടം തുച്ഛമായ വാടകയ്ക്ക് നൽകിത്. പലവട്ടം കെട്ടിടം ഒഴിഞ്ഞ് നൽകണ മെന്ന് ഉടമ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ഒടുവിൽ ഇക്കഴിഞ്ഞ ജനുവരിയിലാണ് വിളപ്പിൽഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് നിർമ്മിച്ച പുതിയ സ്റ്റേഷൻ മന്ദിരത്തിലേക്ക് പൊലീസ് മാറിയത്. വാടക കെട്ടിടത്തിൽ നിന്ന് പൊലീസ് സ്റ്റേഷൻ ഒഴിത്തുപോയെങ്കിലും. പഴയ കെട്ടിടം ഉപയോഗിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് കെട്ടിട ഉടമ. തൊണ്ടി മുതലായി പൊലീസ് സൂക്ഷിക്കുന്ന നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ കെട്ടിടത്തിന് ചുറ്റും കിടക്കുകയാണ്. ഇക്കാരണത്താൽ സ്വന്തം പുരയിടത്തിൽ കാലുകുത്താനോ, കെട്ടിടം മറ്റാർക്കെങ്കിലും വാടകയ്ക്ക് കൊടുക്കാനോ കഴിയാതെ വട്ടം ചുറ്റുകയാണ് കുശവൂർ കുടുംബാംഗങ്ങൾ. എന്നാൽ പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരത്തിന്റ പരിസരത്ത് ഇത്രയും വാഹനങ്ങൾ (തൊണ്ടിമുതൽ) കൊണ്ടിടാൻ സ്ഥലസൗകര്യമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
പുതിയ പൊലീസ് സ്റ്റേഷൻ മന്ദിരത്തിന് സമീപം വിൽക്കാനിട്ടിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ 20 സെന്റ് സ്ഥലം പൊലീസിന് ലഭ്യമായാൽ തൊണ്ടിമുതൽ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടിടാനാകും. ഈ സ്ഥലം പൊലീസ് സ്റ്റേഷന് വാങ്ങി നൽകുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.ബി. സതീഷ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് അധികൃതർ നിവേദനം നൽകിയിരിക്കുകയാണ്.
വിളപ്പിൽശാല പൊലീസ് സ്റ്റേഷന് വേണ്ടി കശവൂരു കുടുംബം കെട്ടിടം വാടകയ്ക്ക് നൽകി വർഷങ്ങൾ കഴിഞ്ഞപ്പോൾ അറ്റകുറ്റ പണികൾ ചെയ്യാതെ വാടക കെട്ടിടമാകെ ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലം പൊത്തുമെന്ന സ്ഥിതിയുണ്ടായി. തുടർന്ന് നാട്ടുകാരും കെട്ടിട ഉടമയും സ്ഥലത്തെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഗ്രാമപഞ്ചായത്തും സംയുക്തമായി കെട്ടിടം അറ്റകുറ്റപ്പണികൾ ചെയ്ത് നവീകരിച്ചു. എന്നാൽ സ്ഥല സൗര്യമില്ലാതെ ജീവനക്കാരും നന്നേബുദ്ധിമുട്ടിയിരുന്നു. പുതിയ വാടക കെട്ടിടം പൊലീസ് അന്വേഷിച്ചെങ്കിലും ആരും വാടകയ്ക്ക് നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്താണ് പുതിയ പൊലീസ് സ്റ്റേഷന് സ്ഥലം വാങ്ങി നൽകിയത്.
വിളപ്പിൽശാല ജംഗ്ഷന് സമീപം പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിലേക്ക് സ്റ്റേഷൻ മാറിയപ്പോൾ തങ്ങളുടെ കെട്ടിടം തിരിച്ചുകിട്ടിയെന്ന ആശ്വാസത്തിലായിരുന്നു ഉടമസ്ഥർ. എന്നാൽ തുരുമ്പിച്ച ആക്രി വാഹനങ്ങളാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. വാഹനങ്ങളെ സംബന്ധിച്ച കേസുകൾ കോടതി പരിഗണനയിൽ ആയതിനാൽ തീർപ്പുണ്ടാകാതെ ലേലം ചെയ്യാനും പൊലീസിനാകില്ല.