മലയാള പത്രപ്രവർത്തനരംഗത്ത് നൂതനവും ചടുലവുമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രമുഖ പത്രാധിപന്മാരുടെ കൂട്ടത്തിൽ പ്രഥമ ഗണനീയനാണ് ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് അന്തരിച്ച എം.എസ്. മണി. അരനൂറ്റാണ്ടിലേറെ അദ്ദേഹം കേരളകൗമുദിയുടെ പ്രത്യേക ലേഖകനും എഡിറ്ററും ചീഫ് എഡിറ്ററുമായി മലയാള മാദ്ധ്യമ ലോകത്ത് നിറഞ്ഞുനിന്നു. കേരളകൗമുദിയിൽ ഇരിക്കെത്തന്നെ കലാകൗമുദി പ്രസിദ്ധീകരണങ്ങൾ തുടങ്ങി വ്യത്യസ്ത വായനാഭിരുചി സൃഷ്ടിച്ച് വായനയുടെ പുതുലോകങ്ങൾ കാഴ്ചവച്ചു. പത്രാധിപനെന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. നൂറ്റി ഒമ്പത് വർഷത്തെ ചരിത്രവും ഒളിമങ്ങാത്ത പാരമ്പര്യവുമുള്ള കേരളകൗമുദിക്ക് വാക്കുകൾക്കതീതമായ നഷ്ടബോധമാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം മൂലം ഉണ്ടായിരിക്കുന്നത്. അതിശ്രേഷ്ഠമായ പത്രപ്രവർത്തന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമെന്ന നിലയ്ക്കുപരി സ്വന്തം ധിഷണകൊണ്ടും അദമ്യമായ താല്പര്യംകൊണ്ടും മാദ്ധ്യമ രംഗത്ത് പ്രവേശിച്ച എം.എസ്. മണി പില്ക്കാലത്ത് പലർക്കും മാതൃകയായ ഒട്ടേറെ പരീക്ഷണങ്ങൾ പത്രലോകത്ത് കൊണ്ടുവന്നു. പുതുമയുള്ളവയായിരുന്നു അവയിലധികവും. മാദ്ധ്യമ വിദ്യാർത്ഥികൾക്ക് അറിയാനും പഠിക്കാനും ഏറെ വക അതിലുണ്ട്.
മലയാള പത്രചരിത്രത്തിൽ അദ്വിതീയ സ്ഥാനമുള്ള യശഃശരീരനായ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും കനിഷ്ഠ പുത്രനായി ജനിച്ച എം.എസ്. മണി കുട്ടിക്കാലം തൊട്ടേ അക്ഷരങ്ങളുടെ മുറ്റത്താണ് വളർന്നത്. കോളേജ് പഠനം കഴിഞ്ഞ ഉടനെ റിപ്പോർട്ടർ എന്ന നിലയിൽ ഡൽഹിയിലെത്തിയ അദ്ദേഹത്തിനു മുന്നിൽ വലിയൊരു വാർത്താലോകം തന്നെയാണ് തുറന്നുകിട്ടിയത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള മുൻനിര നേതാക്കളെയെല്ലാം അടുത്തറിയാനും ചുരുങ്ങിയ കാലം കൊണ്ട് അവരുടെ വിശ്വാസമാർജി ക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. യുവത്വത്തിന്റെ ചുറുചുറുക്കും സാഹസികതയും കൈമുതലാക്കി മറ്റാർക്കും ലഭിക്കാത്ത ഒട്ടേറെ വാർത്തകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ചൈനീസ് ആക്രമണകാലത്ത് യുദ്ധമുന്നണിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ കേരളകൗമുദിയുടെ സവിശേഷതയായിരുന്നു.
മലയാള പത്രലോകത്ത് അന്വേഷണാത്മക റിപ്പോർട്ടിംഗ് രീതി ആദ്യമായി പരീക്ഷിച്ചത് എം.എസ്. മണിയാണ്. പത്രം ഇടതുപക്ഷത്തോടു ചേർന്ന് നില്ക്കുമ്പോൾ തന്നെയാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാരെ പ്രതിക്കൂട്ടിലാക്കിയ റിപ്പോർട്ടുകൾ തുടരെത്തുടരെ കേരളകൗമുദി പ്രസിദ്ധീകരിച്ചത്. കോൺഗ്രസുകാരനായ കെ.ജി. അടിയോടി വനംമന്ത്രിയായിരുന്ന കാലത്ത് നടന്ന വനംകൊള്ള വിഷയമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പര സൃഷ്ടിച്ച രാഷ്ട്രീയ കോലാഹലങ്ങൾ വായനക്കാർ ഓർക്കുന്നുണ്ടാവും. സത്യസന്ധമെന്ന് പൂർണ വിശ്വാസമുള്ള ഏത് വാർത്തയ്ക്കും പത്രത്തിൽ മുഖ്യസ്ഥാനം നൽകുന്നതിന് മുഖ്യ പത്രാധിപരെന്ന നിലയിൽ എം.എസ്. മണി ഒരിക്കലും മടി കാണിച്ചിട്ടില്ല. അതിന്റെ പേരിൽ പത്രത്തിനും തനിക്കും ധാരാളം ശത്രുക്കളെ സമ്പാദിക്കേണ്ടി വന്നിട്ടുണ്ട്. കേരളകൗമുദി തുടക്കം തൊട്ടേ ആദർശമായി സൂക്ഷിക്കുന്ന സത്യത്തിന്റെ പാതയാണത്. എം.എസ്. മണി മുഖ്യപത്രാധിപരായിരുന്ന കാലത്തും അതിന് തിളക്കം വർദ്ധിച്ചിട്ടേയുള്ളൂ. തന്റെ കീഴിലുള്ള പത്രാധിപന്മാർക്കും റിപ്പോർട്ടർമാർക്കും അതിർ വരമ്പുകളില്ലാത്ത സ്വാതന്ത്ര്യമാണ് അദ്ദേഹം നൽകിയിരുന്നത്. തൊഴിലിൽ മികവ് കാണിക്കാനും വളരാനുമുള്ള എല്ലാ അവസരവും നൽകി മാദ്ധ്യമ പ്രതിഭകളെ വളർത്തിയെടുക്കാൻ അദ്ദേഹം സവിശേഷ താത്പര്യം കാണിച്ചിരുന്നു.
കേരളകൗമുദിയുടെ വളർച്ചയിലും വായനക്കാർക്കിടയിലെ സ്വീകാര്യതയിലും വലിയ പങ്കാണ് എം.എസ് . മണിക്കുള്ളത്. മലയാള പത്രലോകത്ത് പല പുതിയ പംക്തികളുടെയും തുടക്കം കേരളകൗമുദിയിലായിരുന്നു. അതിന്റെ കാരണക്കാരൻ എം.എസ്. മണിയാണ്. മലയാള പത്രങ്ങളിൽ ആദ്യമായി ചലച്ചിത്ര വാർത്തകൾക്കായി പത്രത്തിൽ സ്ഥിരമായി ഇടം നൽകിയതും ചലച്ചിത്ര നിരൂപണത്തിന് സ്ഥാനം നൽകിയതും അദ്ദേഹമാണ്. വിദ്യാർത്ഥികൾക്കായുള്ള പംക്തി , എഴുതിത്തുടങ്ങുന്നവർക്കു വേണ്ടി പ്രത്യേക പേജ്, വായനക്കാരുടെ സർവീസ് സംബന്ധമായ സംശയങ്ങൾക്കുള്ള പരിഹാരമടങ്ങുന്ന പംക്തി, ആരോഗ്യകാര്യങ്ങൾക്കായുള്ള വിശേഷാൽ പേജ് തുടങ്ങി പലതും ആദ്യം പരീക്ഷിച്ചത് കേരളകൗമുദിയാണ്. മുഖ്യധാരാ പത്രങ്ങൾക്കും പിന്നീട് അവ സ്വീകരിക്കേണ്ടിവന്നു. അവയ്ക്കെല്ലാം പ്രചോദനമായത് എം.എസ്. മണിയുടെ ദീർഘവീക്ഷണവും.
സാമൂഹിക നീതിക്കായി എന്നും നിലകൊണ്ടിട്ടുള്ള കേരളകൗമുദി പിന്നാക്ക വിഭാഗങ്ങൾ അനീതി നേരിടേണ്ടിവന്ന ഓരോ സന്ദർഭത്തിലും അതിനെതിരെ പോരാടിയിട്ടുണ്ട്. അധികാരത്തിലിരിക്കുന്നത് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ നോക്കാതെയാണിത്. എം.എസ്. മണിയുടെ പത്രാധിപത്യകാലത്തും ചരിത്രത്തിന്റെ ഭാഗമായി മാറിയ ഇത്തരം പോരാട്ടങ്ങൾ ഏറെ ഉണ്ടായിട്ടുണ്ട്.
അതിദീർഘകാലത്തെ പത്രപ്രവർത്തന ചരിത്രത്തിനുടമയായിട്ടും പൊതുവേദികളിൽ നിന്ന് എപ്പോഴും അകന്നുനിൽക്കാനായിരുന്നു എം.എസ്. മണി ആഗ്രഹിച്ചിരുന്നത്. ഒരിക്കൽപ്പോലും സ്ഥാനമാനങ്ങളുടെ പിറകേ പോയിട്ടുമില്ല. മാദ്ധ്യമ ലോകത്തിനു നൽകിയ അമൂല്യ സംഭാവനകളുടെ പേരിൽ ഈയിടെ സ്വദേശാഭിമാനി - കേസരി പുരസ്കാരം എം.എസ്. മണിക്കാണ് സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ - സാമൂഹിക - സാഹിത്യ മേഖലകൾക്ക് പത്രാധിപരെന്ന നിലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കൃതജ്ഞതയോടുകൂടിയാകും സമൂഹം എന്നും ഓർക്കുക. പത്രലോകത്തെന്നപോലെ സാഹിത്യ രംഗത്തും തന്റെ പ്രസിദ്ധീകരണങ്ങളിലൂടെ ഒട്ടേറെ നവ്യാനുഭവങ്ങൾ വായനക്കാർക്കായി അദ്ദേഹം നൽകി. ആനുകാലിക പ്രസിദ്ധീകരണ രംഗത്ത് പുതുമയേറിയ എത്രയോ പരീക്ഷണങ്ങൾക്ക് അദ്ദേഹം ധൈര്യപ്പെട്ടു. മലയാളത്തിൽ ആദ്യമായി കഥയ്ക്ക് മാത്രമായും ഫോട്ടോകൾക്ക് മാത്രമായും പ്രസിദ്ധീകരണം തുടങ്ങിയത് എം.എസ്. മണിയാണ്.
എം.എസ്. മണിയുടെ വേർപാടോടെ 'കേരളകൗമുദി"യുടെ ഒരു യുഗമാണ് അസ്തമിക്കുന്നത്. അദ്ദേഹത്തിന്റെ സഹോദരന്മാരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവർ നേരത്തെ വിടപറഞ്ഞിരുന്നു. മുന്നോട്ടുള്ള പ്രയാണത്തിൽ ഇവരുടെ ദീപ്തവും ധന്യവുമായ ഓർമ്മകളാകും ഞങ്ങളെ ഇനി നയിക്കുക. കേരളകൗമുദിയുടെ ഇപ്പോഴത്തെ ഈ നഷ്ടത്തിൽ ഞങ്ങളോടൊപ്പം ഒട്ടനേകം പേർ പങ്കുചേരുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എല്ലാവർക്കും ഹൃദയംഗമമായ നന്ദി.