വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തച്ചോട് കോവൂർ ചന്തകളിൽ നിന്നും പഴകിയതും അഴുകിത്തുടങ്ങിയതുമായ മീൻ പിടികൂടി. ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മീൻ പിടിച്ചെടുത്തത്. ആരോഗ്യ വകുപ്പ് ജില്ലയിലൊട്ടാകെ നടത്തുന്ന ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. തച്ചോട് കോവൂർ ചന്തകളിൽ നിന്നും 50 കിലോഗ്രാം അഴുകിയ ചാളയും ചൂരയുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. മീനുകളുടെ സാമ്പിളുകൾ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയക്കാനായി ശേഖരിച്ചിട്ടുണ്ട്. പരിശോധന തടസപ്പെടുത്താൻ ശ്രമിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള കച്ചവടക്കാരെ അയിരൂർ പൊലീസ് നീക്കം ചെയ്തു. വർക്കല ഭക്ഷ്യസുരക്ഷാ ഓഫീസർ ജോൺ വിജയകുമാർ, ചിറയിൻകീഴ് ഭക്ഷ്യസുരക്ഷാ ഓഫീസർ ധന്യ ശ്രീവത്സം, ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.