പാറശാല: ഗ്രമങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും എത്തുകയാണ്. അതിർത്തിയിലെ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് വിപണനം. പാറശാല ഗ്രാമപഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ കഞ്ചാവ് വില്പന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം കഞ്ചാവിന്റെ പിടിയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. പാറശാലയിലും ധനുവച്ചപുരത്തെയും സ്കൂളുകളും ലഹരി മാഫിയകളുടെ പിടിയിലാണെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ദിവസം ധനുവച്ചപുരത്തെ കോളേജിലെ ഡിഗ്രി വിദ്യാർത്ഥി സമീപത്തെ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നും കഞ്ചാവുമായി പിടികൂടിയിരുന്നു. പാറശാലയിലെ ചില സ്കൂളുകളിൽ കഞ്ചാവുമായി എത്തിയ വിദ്യാർത്ഥികളെ അദ്ധ്യാപകർ പിടികൂടി രക്ഷിതാക്കളെ ഏൽപ്പിച്ചിരുന്നു. കഞ്ചാവിൽ നിന്നും മറ്റും ലഭിക്കുന്ന ലഹരിക്കും അപ്പുറം വരും കാലങ്ങളിൽ ഉണ്ടാകാവുന്ന ദൂഷ്യവശങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കുന്നത്.

തമിഴ്നാട്ടിൽ നിന്നും പാറശാല റെയിൽ വേസ്റ്റേഷൻ, ധനുവച്ചപുരം റയിൽവേസ്റ്റേഷൻ, കളിയിക്കാവിള പി.പി.എം ജംഗ്ഷൻ, ആർ.സി സ്ട്രീറ്റ് എന്നിവിടങ്ങളിലും മൊത്തവിതരണക്കാർ വഴി എത്തുന്ന കഞ്ചാവ് ആവശ്യക്കാർക്ക് അനുസരിച്ച് ചെറുപൊതികളിലാക്കി വിതരണം നടത്താൻ വിദ്യാർത്ഥികൾ തന്നെ രംഗത്തുണ്ട്. കൈയിൽ ഒരു ഇരുചക്രവാഹനം വേണമെന്നുമാത്രം. നിലവിൽ താലൂക്കിലെ വിദ്യാഭ്യാസ കേന്ദ്രമായ ധനവച്ചപുരം ഗ്രാമം ഇന്ന് കഞ്ചാവ് പുകയുന്ന ഗ്രാമം എന്നാണ് അറിയപ്പെടുന്നത്.

സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചാൽ ശ്രദ്ധയിലും ഓർമശക്തിയിലും പിഴവുകൾ വരിക, അമിതമായ ഉത്കണ്ഠ, ഭയവും അസ്വസ്ഥതയും കൂടി ചേർന്ന് ഭയാനകമായ മാനസികാനുഭവം ചിലർക്ക് മിഥ്യാനുഭവവും ഉണ്ടാകും.

കണ്ണുകൾ ചുവക്കുക, വിശപ്പ് വർദ്ധിക്കുക, വായ ഉണങ്ങുന്നതായി അനുഭവപ്പെടുക, നെഞ്ചിടിപ്പ് കൂടുക, ചിത്തഭ്രമത്തിനോട് സാദൃശ്യമുള്ള സൈക്കോട്ടിക് മാനസികാവസ്ഥകളും ചില ആളുകളിൽ ചിത്തഭ്രമം തന്നെയും സ്ഥിരമായ കഞ്ചാവുപയോഗം കാരണം ഉണ്ടാകും.