വിതുര: പാലോട് - വിതുര റോഡിൽ കൊപ്പം ജംഗ്ഷന് സമീപം വീടിന് തീപിടിച്ച് 25 ലക്ഷം രൂപയുടെ നഷ്ടം. സീതാസിൽ പി. ജയകുമാറിന്റെ ഓടിട്ട വീട്ടിൽ ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് പൂർണമായി കത്തിനശിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആഭരണങ്ങൾ, ഫർണീച്ചറുകൾ, രേഖകൾ എന്നിവയും സമീപത്ത് വീട് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഫർണീച്ചറുകളും കത്തിനശിച്ചു. വിതുര ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വിതുര സി.ഐ എസ്. ശ്രീജിത് അറിയിച്ചു.
ഫോട്ടോ: ജയകുമാറിന്റെ വീടിന് തീപിടിച്ചപ്പോൾ