കോവളം: വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കോവളത്ത് നിർമ്മിച്ച സൺബാത്ത് പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. കടലിന് അഭിമുഖമായി ഇവിടത്തെ ടൂറിസം ഇൻഫർമേഷൻ ഫെസിലിറ്റേഷൻ സെന്ററിനോട് ചേർന്ന് അഞ്ചുകോടി രൂപ ചെലവിട്ട് നിർമ്മിച്ച പാർക്കാണ് ആറു വർഷങ്ങൾക്ക് ശേഷം ടൂറിസം വകുപ്പ് ഡി.ടി.പി.സിക്ക് കൈമാറുന്നത്. ഒരുവശം കടലും മൂന്നുവശങ്ങൾ കുന്നുകളാൽ ചുറ്റപ്പെട്ടുമുള്ള ഇവിടെ വൻമരങ്ങൾ തണൽ വിരിക്കുന്ന ഇടമാണ്. കോവളത്തെ ടൂറിസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് ഭാരതീയ ചികിത്സാ സമ്പ്രദായമായ ആയുർവേദത്തെയും അതിന്റെ ഗുണങ്ങളെയും പരിചയപ്പെടുത്തുന്നതിനും ആരോഗ്യപരമായ ജീവിതം ആയുർവേദ മസാജിലൂടെയെന്ന ലക്ഷ്യത്തോടെയാണ് കോവളത്തെ സൈലന്റ് വാലി എന്നറിയപ്പെടുന്ന നിശബ്ദ താഴ്‌വരയിൽ സൺബാത്ത് പാർക്ക് നിർമ്മിച്ചത്. 2017ൽ നിർമ്മാണം പൂർത്തിയാക്കിയ സൺബാത്ത് പാർക്ക് സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് നിർമ്മിച്ചത്. ഇവിടെ സജ്ജമാക്കിയിട്ടുള്ള സെന്ററിൽ ആയുർവേദ മസാജിനു ശേഷം കടൽക്കുളിയും പിന്നീട് ഇവിടെയുള്ള കുളത്തിലോ ഷവറിലോ കുളിക്കാനുള്ള സൗകര്യവുമാണ് ഒരുക്കിയിരുന്നത്.
കടൽക്കുളി കഴിഞ്ഞ് വരുന്നവർക്ക് ശരീരശുദ്ധി വരുത്തുന്നതിന് പാർക്കിൽ ഷവർ ബ്ലോക്കും അനുബന്ധമായി കുളിക്കടവും ഒരുക്കിയിട്ടുണ്ട്. പാർക്കും പരിസരവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏറ്റെടുക്കും. ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാവും കെട്ടിടം ഉപയോഗിക്കുക.
-പി.ബാലകിരൺ, ടൂറിസം ഡയറക്ടർ.
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് പാർക്കും പരിസരവും കൈമാറാൻ ടൂറിസം വകുപ്പ് ധാരണയായി. കെട്ടിടവും പരിസരവും ഏറ്റെടുത്ത ശേഷം വരുമാനം കിട്ടുന്നതരത്തിലുള്ള പദ്ധതികളാവും ആരംഭിക്കുക. ഒന്നുകിൽ ഡി.ടി.പി.സിയോ ഏതെങ്കിലും സ്വകാര്യ ഏജൻസിക്ക് പാട്ടത്തിനോ നൽകാനാണ് തീരുമാനം.
-ബിന്ദുമണി .എസ്, ജില്ലാ ടൂറിസം പ്രൊമോഷൻ, കൗൺസിൽ സെക്രട്ടറി
നിലവിലെ അവസ്ഥ
രാജഭരണകാലത്ത് ഭരണാധികാരികൾ ഉപയോഗിച്ചിരുന്ന കുളം മലിനമായിട്ടുണ്ട്. കൂടാതെ പരിസരം കരിയിലയും കാടും കയറിയ നിലയിലാണ്
കൊതുകും കൂത്താടിയും ഇഴജന്തുക്കളും കുളത്തിൽ നിറഞ്ഞിട്ടുണ്ട്. മരപ്പട്ടിയും പെരുച്ചാഴി അടക്കമുള്ള ജീവികളുടെ വിഹാരകേന്ദ്രമായി ഇവിടം മാറി
ഇതെല്ലാം ഉടൻ വൃത്തിയാക്കി കൈമാറുകയാണ് കരാർ ഏറ്റെടുത്ത തീരദേശ വികസന കോർപറേഷന്റെ ലക്ഷ്യം
സിമന്റിലും കരിങ്കല്ലിലും ടെറോക്കോട്ട് ടൈലുകളിലും തീർത്ത നിരവധി കെട്ടിടങ്ങളും അനുബന്ധ നിർമ്മിതികളുമാണ് ഇവിടെയുള്ളത്
മസാജ് സെന്ററിന് ചുറ്റുമുള്ള നടപ്പാതകളിൽ പാകിയിരിക്കുന്ന ടൈലുകൾ പലയിടത്തും പൊട്ടിത്തകർന്നത് പുനർ നിർമ്മാണം നടത്തിവരികയാണ്.
സെന്ററിനോടു ചേർന്ന് കഫറ്റീരിയ, റീഡിംഗ് റൂം, റിസപ്ഷൻ ബ്ലോക്ക് കടൽത്തീരത്തോട് ഇറങ്ങുന്ന ഭാഗത്ത് സെക്യൂരിറ്റി കാബിൻ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
നിർമാണം ആരംഭിച്ചത് 2014ൽ