തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സമരക്കാർക്ക് രണ്ടാമതും പൊലീസ് നോട്ടീസ് നൽകി. ഷഹീൻബാഗ് ഐക്യദാർഢ്യസമരം, ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം എന്നിവയുടെ സംഘാടകരോടാണ് കന്റോൺമെന്റ് പൊലീസ് പന്തലുകൾ നീക്കാൻ ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റിന്റെ സുരക്ഷയും ഗതാഗതപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം. ഷഹീൻബാഗ് ഐക്യദാർഢ്യ സമരത്തിന്റെ പന്തൽ കെട്ടിയ ആറ്റുകാൽ സ്വദേശി തരകന്റെ വീട്ടിലെത്തി പന്തൽ ഉടൻ നീക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. 12 മണിക്കൂറിനുള്ളിൽ പന്തൽ പൊളിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ പന്തൽ പൊളിക്കാനെത്തിയെങ്കിലും സമരക്കാർ അനുവദിച്ചില്ല. സംഭവത്തെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പി.സി. വിഷ്‌ണുനാഥ്, ഗാന്ധി ദർശൻ സംസ്ഥാന പ്രസിഡന്റ് സീന, വിവിധ സംഘടനാ നേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ സമരപ്പന്തലിലെത്തി. എന്തുവന്നാലും സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.