വർക്കല: കല്ലാഴി വാർഡിനോടുള്ള അവഗണന അവസാനിപ്പിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് വർക്കല നഗരസഭയിലെ കല്ലാഴി വാർഡ് കൗൺസിലർ എ. ശിശുപാലൻ പറഞ്ഞു. വർഷങ്ങളായി ഭരണസമിതി കല്ലാഴി വാർഡിനോട് അവഗണന കാണിക്കുകയാണ്. കൗൺസിലർ ആയതുമുതൽ ഇക്കാര്യം കൗൺസിൽ യോഗങ്ങളിലും ഭരണനേതൃത്വത്തോട് നേരിട്ടും ആവശ്യപ്പെട്ടിരുന്നു. തെരുവ് വിളക്കുകൾ കത്തിക്കാത്തതിന്റെ പേരിൽ നഗരസഭ കവാടത്തിൽ മുമ്പ് മിന്നൽ സത്യാഗ്രഹം നടത്തിയിരുന്നു. ഇതിന്റെ പേരിൽ കള്ളക്കേസുകളിൽ കുടുക്കാനും അറസ്റ്റ് ചെയ്യിക്കാനും നീക്കമുണ്ടായി. സി.പി.എം പ്രാദേശിക ഘടകങ്ങൾ മുതൽ സംസ്ഥാന നേതൃത്വത്തെ വരെ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരു പ്രതിപക്ഷ കൗൺസിലറോടുള്ള പരിഗണന പോലും ഭരണകക്ഷി കൗൺസിലറായ തന്നോട് നഗരസഭാ നേതൃത്വം ഇതുവരെ കാണിച്ചിട്ടില്ലെന്നും ശിശുപാലൻ ആരോപിച്ചു. വാർഡിലെ ലക്ഷംവീട് കോളനി റോഡ്, കല്ലാഴി പിള്ളവീട് റോഡ് എന്നിവ റീടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടിയുണ്ടായില്ല, ലക്ഷംവീട് കോളനിയിലെ രണ്ട് കുളങ്ങൾ നവീകരിക്കുന്ന കാര്യത്തിലും ഇതേ അവഗണനയാണെന്നും കൗൺസിലർ പറഞ്ഞു. വർക്കല നഗരസഭയിലെ അഞ്ചാം വാർഡിനോടുള്ള നഗരസഭ ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഭരണകക്ഷി അംഗമായ എ. ശിശുപാലൻ സത്യാഗ്രഹവും നടുറോഡിൽ ശയനപ്രദക്ഷിണവും നടത്തിയത്. തകർന്ന റോഡിലൂടെ നൂറ് മീറ്ററോളമായിരുന്നു ശയനപ്രദക്ഷിണം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ശിശുപാലന്റെ ഒറ്റയാൾ സമരം. തകർന്ന റോഡിലൂടെ നൂറ് മീറ്ററോളം ഉരുണ്ട ശിശുപാലനെ നാട്ടുകാർ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരായ എസ്. ജയശ്രീ, എസ്. പ്രദീപ്, സി. കൃഷ്‌ണകുമാർ എന്നിവർ ശിശുപാലന് ഐക്യദാർഢ്യവുമായെത്തിയിരുന്നു.
അവഗണിച്ചിട്ടില്ല - നഗരസഭ ചെയർപേഴ്സൺ
കല്ലാഴി വാർഡിനെ അവഗണിച്ചിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് പറഞ്ഞു. വാർഡിലെ രണ്ട് റോഡുകളുടെയും നവീകരണത്തിന് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കരാറെടുക്കാത്തതുകാരണമാണ് നിർമ്മാണം വൈകുന്നത്. കാവിന് സമീപമുള്ള കുളം സ്വകാര്യ വ്യക്തിയുടേതാണ്. അതിനാൽ നഗരസഭയ്ക്ക് അത് നവീകരിക്കാനാവില്ല. മറ്റു കുളങ്ങളുടെ നവീകരണ ജോലികൾക്ക് ടെൻഡർ ക്ഷണിച്ചെങ്കിലും അതിനും ആരും കരാറെടുത്തില്ല. മറ്റു കൗൺസിലർമാർ കരാറുകാരെ കണ്ടെത്തി പണി ചെയ്യിക്കാറുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.