
കുളത്തൂർ: മഴക്കാലത്ത് തെറ്റിയാർ തോട് കരകവിഞ്ഞൊഴുകി ഐ.ടി നഗരത്തിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായ തെറ്റിയാർ തോട്ടിലെ കോട്ടൂർ തലവരമ്പ് ചപ്പാത്ത് കെട്ടിയടയ്ക്കാൻ തീരുമാനം. തെറ്റിയാർ തോടിനരികിലൂടെ കടന്നുപോകുന്ന ആറ്റിപ്ര -കോട്ടൂർ -പാങ്ങപ്പാറ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി തലവരമ്പ് ക്ഷേത്രം മുതൽ കോട്ടൂർ പാലം വരെ തെറ്റിയാർ തോടിൽ നിർമ്മിക്കുന്ന പാർശ്വഭിത്തി നിർമ്മാണത്തിന്റെ ഭാഗമായാണ് ചപ്പാത്ത് കെട്ടിയടയ്ക്കുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ പരാതിയെ തുടർന്ന് സുരേഷ് ഗോപി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 43 ലക്ഷം രൂപ മുടക്കിയാണ് തലവരമ്പ് ക്ഷേത്രം മുതൽ കോട്ടൂർ പാലം വരെ തെറ്റിയാർ തോടിന്റെ നവീകരണവും പാർശ്വഭിത്തികളുടെ നിർമ്മാണവും ആരംഭിച്ചത്. ചെറുകിട ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ തലവരമ്പ് ക്ഷേത്രം മുതൽ കോട്ടൂർ പാലം വരെ ഒരു വശത്ത് 290 മീറ്റർ നീളത്തിലും എതിർവശത്ത് 130 മീറ്റർ നീളത്തിലുമാണ് പാർശ്വഭിത്തി നിർമ്മാണം പുരോഗമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോട്ടൂർ കൊല്ലക്കു സമീപത്ത് തെറ്റിയാറിന് കുറുകെ ഒരു ചെറിയ പാലവും നിർമ്മിക്കും. എന്നാൽ കഴിഞ്ഞ ദിവസം ചപ്പാത്ത് കെട്ടിയടയ്ക്കുന്നതിനെതിരെ ചിലർ എതിർപ്പുമായി എത്തിയത് തർക്കത്തിനിടയാക്കി. സ്ഥലത്ത് നാട്ടുകാർ സംഘടിച്ചതോടെ തുമ്പ പൊലീസിന്റെയും കൗൺസിലർ സുനിചന്ദ്രന്റെയും സി.പി.ഐ നേതാവ് അജയകുമാറിന്റെയും കഴക്കൂട്ടം സുശീലന്റെയും നേതൃത്വത്തൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയും ചപ്പാത്ത് കെട്ടിയടയ്ക്കാനും തീരുമാനിച്ചു.
തെറ്റിയാർ തോടിന്റെ നവീകരണം നടക്കുന്നത് 43 ലക്ഷം രൂപ ചെലവിൽ
പ്രശ്നം ഗുരുതരം
---------------------------------------
മുൻ കാലങ്ങളിൽ തലവരമ്പ് പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് തെറ്റിയാർ തോട്ടിൽ നിന്ന് വെള്ളമെത്തിക്കാൻ വേണ്ടി നിർമ്മിച്ചതായിരുന്നു ചപ്പാത്ത്
വർഷങ്ങളായി കൃഷി നിലച്ചതിനെത്തുടർന്നാണ് ചപ്പാത്ത് തകർന്നത്
ഇതിലൂടെ മഴക്കാലത്ത് തെറ്റിയാർതോട് കരകവിഞ്ഞ് ഒഴുകുന്നതാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിനു കാരണം
വീടുകൾ വെള്ളത്തിൽ മുങ്ങുന്നതിനെ തുടന്ന് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളെ വിവിധയിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപാർപ്പിക്കുന്നത് പതിവായിരുന്നു. കൂടാതെ ടെക്നോപാർക്ക് രണ്ടാം ഘട്ടം സ്ഥിതി ചെയ്യുന്ന ആറ്റിൻകുഴി, കല്ലിംഗൽ ഭാഗത്തെ റോഡുകൾ പൂർണമായും വെളളത്തിൽ മുങ്ങി ദിവസങ്ങളായി ഗതാഗതവും മുടങ്ങുന്ന അവസ്ഥയായിരുന്നു.
വെള്ളപ്പൊക്കം ഇവിടെ
കോട്ടൂർ
കുശമുട്ടം
ആറ്റിപ്ര
കുളത്തൂർ