തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി ഗുജറാത്തിലെ ചേരികളെ മതിൽകെട്ടി മറയ്ക്കുന്നതിലൂടെ തെളിയുന്നത് കേന്ദ്ര സർക്കാരിന്റെ മനുഷ്യത്വരഹിതമായ മുഖമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശ്രീകാര്യം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ 'ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സുവർണ ജൂബിലി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി.
രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുമ്പോഴും ഇല്ലാത്ത വികസന കഥകൾ മെനഞ്ഞ് ലോകത്തിനുമുന്നിൽ അപഹാസ്യരാവുകയാണ് കേന്ദ്ര സർക്കാർ. വികലമായ സാമ്പത്തിക നയത്തിന്റെ ഫലമായി രാജ്യത്തിന്റെ ജി.ഡി.പി തുടർച്ചയായി താഴേക്കുപോകുന്നു. കർഷകർ ആത്മഹത്യ ചെയ്യുന്നു. വ്യവസായ ശാലകൾ അടച്ചുപൂട്ടുന്നു. തൊഴിലില്ലായ്മ സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. കോർപറേറ്റുകൾക്ക് ഇളവുകൾ വാരിക്കോരി കൊടുക്കുകയാണ്. ഈ പണം അടിസ്ഥാനസൗകര്യ വികസനത്തിന് ഉപയോഗിച്ചിരുന്നെങ്കിൽ രാജ്യത്ത് ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കാൻ സാധിക്കുമായിരുന്നു.
കേന്ദ്രസർക്കാർ നയങ്ങളെ എതിർക്കുന്നവർ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു. കൊടിയുടെ നിറം പച്ചയായതുകൊണ്ടു മാത്രം ചില നേതാക്കൾ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. രാജ്യത്തിന്റെ മൂവർണക്കൊടിക്ക് കാവിയെന്ന ഒറ്റ നിറം പകരാനുള്ള ശ്രമമാണ് മോദിസർക്കാർ നടത്തുന്നത്. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനെ എതിർത്തതിനാലാണ് ബ്രിട്ടീഷ് എം.പി ഡെബ്ബി എബ്രഹാംസിന് രാജ്യം സന്ദർശിക്കാൻ അനുവാദം നൽകാത്തതെന്നും യെച്ചൂരി പറഞ്ഞു.