തിരുവനന്തപുരം: ഖര മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പിന് നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് 14 കോടി രൂപ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം. വാദപ്രതിവാദങ്ങൾക്കൊടുവിൽ പണം അനുവദിക്കാൻ കൗൺസിൽ അംഗീകാരം നൽകി. കേന്ദ്ര, സംസ്ഥാന വിഹിതം ഉൾപ്പെടുത്തി നിലവിലുള്ളവ പരിഷ്‌കരിച്ചും പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് 51,37,92,000 രൂപ മുതൽമുടക്കു പ്രതീക്ഷിക്കുന്ന രൂപരേഖ. ഇതിൽ 41 ശതമാനം തുക നഗരസഭ ചെലവാക്കണം. ബാക്കിയുള്ളതിൽ 17,98,27,200 രൂപ കേന്ദ്രത്തിൽ നിന്നും 11,97,13,586 രൂപ സംസ്ഥാന സർക്കാരിൽ നിന്നുമാണ് ലഭിക്കേണ്ടത്. എന്നാൽ 40 ദിവസം മാത്രം ശേഷിക്കേ 14 കോടി ചെലവഴിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയാക്കിയത്. മാർച്ചിനു മുമ്പിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന ഹെൽത്ത് സൂപ്പർ വൈസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ രാഖി രവികുമാർ വിഷയം അവതരിപ്പിച്ചത്. എന്നാൽ മാലിന്യ സംസ്‌കരണ പദ്ധതികൾ സ്വകാര്യ വ്യക്തികൾ ഹൈജാക്ക് ചെയ്യുകയാണെന്ന് ബി.ജെ.പി കൗൺസിലർ തിരുമല അനിൽ ആരോപിച്ചു. മാലിന്യ സംസ്‌കരണത്തിന്റെ പേരിൽ നടത്തുന്ന കൊള്ള അനുവദിക്കില്ലെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി. അനിൽകുമാർ പറഞ്ഞു. ഭരണപക്ഷത്തു നിന്നു പി. ബാബുവും ആർ.പി. ശിവജിയും പ്രതിരോധവുമായി രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ അംഗങ്ങളായ ജോൺസൺ ജോസഫ്, എം.ആർ. ഗോപൻ, മഞ്ചു, ബീമാപള്ളി റഷീദ് എന്നിവർ എതിർപ്പ് ഉന്നയിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ പണം അനുവദിക്കാൻ കൗൺസിൽ തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്ക് തനതുഫണ്ടിലേക്ക് റീകൂപ്പ് ചെയ്യാമെന്ന വ്യവസ്ഥയിലാണ് പണം അനുവദിക്കാൻ അംഗീകാരം നൽകിയത്.
കഴിഞ്ഞ വർഷത്തെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് യഥാസമയം സമർപ്പിക്കാത്ത 7 ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാനും കൗൺസിൽ തീരുമാനിച്ചു. ഷെഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിക്കാത്തതിന് ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. മറുപടിയുടെ അടിസ്ഥാനത്തിലുള്ള ഹെൽത്ത് ഓഫീസറുടെ റിപ്പോർട്ടു പ്രകാരമാണ് അച്ചടക്ക നടപടി ഒഴിവാക്കുന്നതെന്ന് ഭരണപക്ഷം ന്യായീകരിച്ചു.
കുന്നുകുഴിയിലെ അറവുശാലയുടെ നവീകരണത്തിന് കേരള ഇലക്ട്രിക്കൽ അലൈഡ് എൻജിനീയറിംങ് ലിമിറ്റഡിലെ ചുമതലപ്പെടുത്താൻ കൗൺസിൽ അംഗീകാരം നൽകി. 9,57,34,800 രൂപയാണ് നിർമ്മാണ ചെലവ്. 12 മാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാമെന്നത് ഉൾപ്പെടെയുള്ള കരാർ വ്യവസ്ഥകളും കൗൺസിൽ അംഗീകരിച്ചു