തിരുവനന്തപുരം: പൗരത്വഭേദഗതി വിഷയത്തിലും സി.എ.ജി റിപ്പോർട്ടിന്റെ കാര്യത്തിലുമൊക്കെ കെ.പി.സി.സി പ്രസിഡന്റിൽ നിന്നും പ്രതിപക്ഷനേതാവിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളുയരുന്നത് പാർട്ടിക്ക് ദോഷമാകുന്നുവെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശനം. പൗരത്വഭേദഗതി വിഷയം ഉയർന്നുവന്ന വേളയിൽ രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കാതിരുന്നത് സംയുക്ത സമരത്തിലടക്കം കൃത്യമായ നിലപാടെടുക്കുന്നതിൽ ആശയക്കുഴപ്പത്തിന് വഴിവച്ചു. എന്നാൽ, പാർട്ടി പുന:സംഘടനയുടെ തിരക്കുകളും നേതാക്കളുടെ അസൗകര്യങ്ങളുമാണ് യോഗം വിളിക്കാൻ വൈകിയതെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ പ്രവർത്തകർക്കും നേതാക്കൾക്കും അപ്രാപ്യനാകുന്നുവെന്ന് പലരും തുറന്നടിച്ചു. നേതൃത്വത്തിൽ ഐക്യമില്ല. നേതാക്കൾക്കിടയിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ അദ്ധ്യക്ഷന് സാധിക്കുന്നില്ല. പല വിഷയങ്ങളിലും പാർട്ടിയിൽ അഭിപ്രായ ഐക്യമില്ലെന്ന് കെ.വി.തോമസും പി.സി. ചാക്കോയും വി.എം. സുധീരനും കെ. മുരളീധരനും കുറ്റപ്പെടുത്തി. സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ജുഡിഷ്യൽ അന്വേഷണമാവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷനേതാവ് സി.ബി.ഐ അന്വേഷണമാവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകുന്നത് തന്നെ അഭിപ്രായഭിന്നതയുടെ പരസ്യ ഉദാഹരണമാണെന്ന് ഇവർ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കൂടിയാലോചനകൾ നടത്താറില്ലെന്ന് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി കുറ്റപ്പെടുത്തി. ഒന്നര വർഷമായി വർക്കിംഗ് പ്രസിഡന്റായിരിക്കുന്ന തന്നെ മുല്ലപ്പള്ളി ഒരിക്കൽ പോലും വിളിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞപ്പോൾ സുധാകരൻ ഇതുവരെ തന്നെയും വന്ന് കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി തിരിച്ചടിച്ചു.
സർവ്വ പ്രതാപിയായിരുന്ന കെ. കരുണാകരൻ പോലും കൂടിയാലോചനകൾ നടത്തിയാണ് പാർട്ടിയെ മുന്നോട്ട് നയിച്ചിരുന്നതെന്ന് വി.എം. സുധീരൻ ഓർമ്മിപ്പിച്ചു. അധികാരം നഷ്ടപ്പെട്ട കരുണാകരന്റെ സ്ഥിതി എന്തായിരുന്നുവെന്ന് ഓർക്കണം. പാർട്ടിയെ നയിക്കുന്നതിലും നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിലും നേതാക്കൾ കൂടിയാലോചന നടത്താതിരിക്കുന്നതെന്തുകൊണ്ടാണെന്ന് വി.ഡി. സതീശൻ ചോദിച്ചു. പാർട്ടിയിലും നേതാക്കൾക്കിടയിലും സമവായമുണ്ടാക്കേണ്ട ഉത്തരവാദിത്വം കെ.പി.സി.സി പ്രസിഡന്റിനാണ്. അത് മുല്ലപ്പള്ളി നിർവഹിക്കുന്നില്ല. പാർട്ടിയെ തുലയ്ക്കാനാണോ ശ്രമം? ആരുമായും പ്രസിഡന്റ് ബന്ധപ്പെടുന്നില്ല. ഫോണിൽ വിളിച്ചാൽ കിട്ടാറുമില്ല. ആശയവിനിമയത്തിലെ വിടവാണ് തീരുമാനങ്ങളെ ബാധിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. പൗരത്വവിഷയത്തിലെ സംയുക്തപ്രക്ഷോഭത്തിനെതിരെ പ്രസിഡന്റ് കൈക്കൊണ്ട നിലപാട് ശരിയായില്ലെന്ന് ഷാനിമോൾ ഉസ്മാനും വിമർശിച്ചു.