kerala-police-

തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിലെ പർച്ചേസുകളിൽ വൻ ക്രമക്കേടും ഒത്തുകളിയും നടത്തിയെന്നും, അതീവ പ്രഹരശേഷിയുള്ള റൈഫിളുകളും പന്ത്രണ്ടായിരത്തിലേറെ ഉണ്ടകളും നഷ്ടമായെന്നുമുള്ള സി.എ.ജി റിപ്പോർട്ടിലെ ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്ന കാര്യങ്ങളെല്ലാം അന്വേഷിക്കും.

നിയമസഭയിൽ വച്ച സി.എ.ജി റിപ്പോർട്ട് വി.ഡി.സതീശൻ അദ്ധ്യക്ഷനായ സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കാനിരിക്കെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. സഭാ സമിതിക്കു മുന്നിൽ ആരോപണങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകേണ്ടതുണ്ട്. ഇതിനു മുന്നോടിയായാണ് ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയെന്നാണ് സൂചന. ഈ റിപ്പോർട്ടിൽ എതിർ പരാമർശങ്ങളില്ലെങ്കിൽ, ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്ന് സഭാസമിതിയെ അറിയിക്കാം. പൊലീസിന്റെ ആയുധശേഖരത്തിൽ നിന്ന് 25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന സി.എ.ജിയുടെ കണ്ടെത്തൽ ശരിയല്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം തോക്കുകൾ പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ടും സഭാസമിതി മുമ്പാകെ ഹാജരാക്കാനാവും.

എന്നാൽ, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കൂടി ഉൾപ്പെട്ട സമിതി സാധൂകരിച്ച് നൽകിയ പൊലീസ് മേധാവിയുടെ ക്രമക്കേടുകൾ അദ്ദേഹം തന്നെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പ്രതിപക്ഷ നിലപാട്. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. എസ്‌.ഐക്ക് എതിരായ കേസ് കോൺസ്റ്റബിൾ അന്വേഷിക്കുന്നത് പോലെയാണ് സർക്കാരിനും പൊലീസ് മേധാവിക്കുമെതിരായ സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തൽ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുന്നതെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു.


ആഭ്യന്തര സെക്രട്ടറി

അന്വേഷിക്കുന്നത്


 കാമറകളും മറ്റും വാങ്ങാനുള്ള ടെൻഡറിൽ കെൽട്രോണുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചോ?

എസ്.ഐമാർക്കും, എ.എസ്.ഐമാർക്കും ക്വാർട്ടേഴ്സ് നിർമ്മിക്കാനുള്ള പണമെടുത്ത് ഡി.ജി.പി 4 വില്ലകൾ നിർമ്മിച്ചോ?

 ഓർഡനൻസ് ഫാക്ടറി ബോർഡിന്റെ അംഗീകാരമില്ലാത്ത ആയുധങ്ങൾ സംഭരിക്കാൻ 1.87കോടി പാഴാക്കിയോ?

കമ്പോളവിലയുടെ മൂന്നിരട്ടി നൽകി ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയോ?

മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ വാഹനങ്ങൾ എന്ന വ്യാജേന ആഡംബര കാറുകൾ വാങ്ങിയോ?.

 പൊലീസ് വാങ്ങിയ 25 ലക്ഷത്തിന്റെ ആഡംബര എസ്.യു.വി ചീഫ്‌സെക്രട്ടറിക്ക് ദാനം ചെയ്‌തോ?.

 സ്‌റ്റോഴ്സ് പർച്ചേസ് മാന്വൽ പാലിക്കാതെ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടോ?.

സാദ്ധ്യതകൾ


 പൊലീസ് മേധാവിയെ വെള്ള പൂശിയുള്ള റിപ്പോർട്ട്

1996മുതൽ കാണാതായ തോക്കുകളും തിരകളും കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം

 വില്ല നിർമ്മിക്കാൻ സർക്കാർ അനുമതിയോടെയാണ് പണം ചെലവിട്ടത്. സുരക്ഷാ കാരണങ്ങളാൽ ഉന്നത ഉദ്യോഗസ്ഥർക്ക് വില്ല നിർമ്മിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന് വാദിക്കാം.

 2000മുതൽ പൊലീസ് നവീകരണത്തിനുള്ള ഫണ്ടുപയോഗിച്ചാണ് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നത്. ഈ കാറുകളിൽ പ്രധാനമന്ത്രിയും സഞ്ചരിച്ചിട്ടുണ്ട്. സംസ്ഥാനവും വിഹിതം നൽകി

വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയത് കേന്ദ്രസർക്കാരിന്റെ ജെം പോർട്ടലിലെ മാനദണ്ഡങ്ങൾ പാലിച്ചെന്നും വാദിക്കാം.