police

തിരുവനന്തപുരം: പൊലീസിന്റെ ഇന്റ​ഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെന്റ് പദ്ധതി സ്വകാര്യവൽക്കരിക്കുന്നതായ റിപ്പോർട്ടുകൾ ശരിയല്ലെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു. 14 മാസത്തിനിടെ മൂന്ന് തവണയാണ് പദ്ധതിക്കുവേണ്ടി ഇ-ടെൻഡർ ക്ഷണിച്ചത്. ഇതിൽ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെൻഡർ ക്ഷണിച്ചപ്പോൾ രണ്ടു കമ്പനികൾ അപേക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരെ കൂടാതെ ഐ.ടി മിഷൻ, സിഡാക്, നാറ്റ്പാക്, മോട്ടോർ വാഹനവകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കിയാണ് ഇവാലുവേഷൻ കമ്മിറ്റി രൂപീകരിച്ചത്. ഫീൽഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെക്നിക്കൽ ഇവാലുവേഷൻ നടപടികൾ നടക്കുന്നതേയുള്ളൂ. റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഫിനാൻഷ്യൽ ബിഡ് തുറക്കുന്നത്. അതിനു ശേഷമേ ഏത് കമ്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. ടെക്നിക്കൽ ഇവാലുവേഷൻ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ ഒരു കമ്പ​നിക്ക് മാത്ര​മായി പദ്ധതി നൽകാൻ ശ്രമം നട​ക്കു​ന്നതായ പ്രചാരണം ശരിയല്ല.
വാഹനങ്ങളുടെ അമിതവേഗവും സിഗ്നൽ ലംഘനവും ഉൾപ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തി ഡ്രൈവർമാർക്ക് ശിക്ഷനൽകാനും അതുവഴി നിരത്തുകളിൽ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചുള്ളതാമ് ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്‌മെന്റ് പദ്ധതി. പല സംസ്ഥാ​ന​ങ്ങ​ളിലും ഈ പദ്ധതി നില​വി​ലു​ണ്ട്.