mullapalli-ramachandran

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിലെ അഴിമിതിയാരോപണങ്ങളിൽ ജുഡിഷ്യൽ അന്വേഷണത്തിനായി വാദിച്ചിരുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിലേക്ക് വഴിമാറി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിലെ ചർച്ചകൾക്കൊടുവിലാണ് പ്രതിപക്ഷനേതാവിന്റെ വഴിയിലേക്ക് മുല്ലപ്പള്ളിയും എത്തിയത്.

സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന വാദഗതിയിലൂന്നിയാണ് താൻ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതെന്ന് ഇന്നലെ വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ സിറ്റിംഗ് ജഡ്ജിയെ കിട്ടില്ലെന്ന് പാർട്ടിയിലെ ചർച്ചകളിൽ നിന്ന് മനസ്സിലാക്കാനായി. ജുഡിഷ്യൽ അന്വേഷണം അനന്തമായി നീളും. ഈ സ്ഥിതിക്ക് സി.ബി.ഐ അന്വേഷണമാണ് നല്ലത്.

സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് അടുത്ത മാസം ഏഴിന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മാർച്ച് നടത്താൻ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് മേൽ ചുമത്തിയ നികുതിഭാരത്തിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ 26ന് വില്ലേജോഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. സംസ്ഥാനം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ സാമ്പത്തിക സെമിനാർ നടത്തും. വി.ഡി.സതീശനായിരിക്കും ചുമതല.

ഡി.ജി.പിക്കെതിരായ ആരോപണങ്ങളാണ് സി.എ.ജി റിപ്പോർട്ടിലെന്നും ഇതിൽ മുഖ്യമന്ത്രിക്കുള്ള പങ്കും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പൗരത്വഭേദഗതിക്കെതിരായ സമരത്തിൽ തീവ്രവാദശക്തികൾ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മോദിയെ സഹായിക്കാനാണ്. രാജ്യസഭയിൽ അതുപയോഗിച്ചാണ് മോദി പ്രതിപക്ഷത്തെ നേരിട്ടത്. ഇത് മോദി- പിണറായി രഹസ്യ കൂട്ടുകെട്ടിന്റെ തെളിവാണ്. ഹിന്ദുവോട്ടുകൾ ലക്ഷ്യമിട്ടാണ് പിണറായി ആ പ്രസ്താവന നടത്തിയത്.

പാർട്ടിയിൽ ഭിന്നതയില്ല

പാർട്ടിയിൽ അഭിപ്രായവ്യത്യാസമൊന്നുമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. താൻ ചുമതലയേറ്റ ശേഷം മാസത്തിൽ ഒന്നെന്ന നിലയിൽ 13 രാഷ്ട്രീയകാര്യസമിതി യോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. നവംബർ മുതൽ എല്ലാവരും സമരമുഖത്തായിരുന്നു. ഡിസംബറിൽ യോഗം വിളിക്കാൻ തീരുമാനിച്ചെങ്കിലും പൗരത്വനിയമഭേദഗതി വന്നതോടെ എല്ലാവരും സമരമുഖത്തേക്ക് വീണ്ടും മാറിയപ്പോൾ യോഗം വൈകി.