behara

തിരുവനന്തപുരം: ഡി.ജി.പി ലോക് നാഥ് ബെഹ്റ ചട്ടവിരുദ്ധമായി കൂടുതൽ ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയതിന്റെ വിവരങ്ങൾ പുറത്തായി. സ്‌പെക്ട്രം അനലൈസർ, കാമറകൾ എന്നിവ ചട്ടം ലംഘിച്ച് വാങ്ങിയത് പിന്നീട് സർക്കാർ സാധൂകരിക്കുകയായിരുന്നു.

പത്തനംതിട്ടയ്ക്ക് അനുവദിച്ച 90 ലക്ഷം രൂപ ചെലവുള്ള പൊലീസ് പരിശീലന കേന്ദ്രം മുൻകൂർ അനുമതിയില്ലാതെ കൊച്ചിയിലേക്ക് മാറ്റിയതും ആരോപണത്തിനിടയാക്കിയിട്ടുണ്ട്. സർക്കാർ അനുമതി നൽകിയ സ്ഥാപനത്തെ ഒഴിവാക്കി മറ്റൊരു സ്ഥാപനത്തിൽ നിന്നാണ് സ്‌പെക്ട്രം അനലൈസർ വാങ്ങിയത്. 40 ജിഗാഹെർട്സിന്റെ സ്‌പെക്ട്രം അനലൈസർ / സിഗ്നൽ ഹണ്ടർ എന്ന ഉപകരണം 26,30,429 രൂപ ചെലവിട്ട് ഡൽഹിയിലെ അഗ്മടെൽ ഇന്ത്യ എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങാനാണ് സർക്കാർ ഭരണാനുമതി നൽകിയത്.

എന്നാൽ ഈ സ്ഥാപനം റേറ്റ് കരാർ പുതുക്കുകയും നിരക്ക് ഉയർത്തുകയും ചെയ്തെന്നും, റേറ്റ് കരാർ കാലാവധി പൂർത്തിയായതിനാൽ അവിടെ നിന്ന് വാങ്ങാൻ കഴിയാതെ വന്നെന്നും ഡി.ജി.പി സർക്കാരിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ബംഗളുരുവിലെ കൺവെർജന്റ് ടെക്‌നോളജീസിൽ നിന്ന് നികുതിയുൾപ്പടെ 26,10,496 രൂപയ്ക്ക് ഉപകരണം വാങ്ങിയതെന്നും അറിയിച്ചു. സർക്കാർ ഈ നടപടി സാധൂകരിച്ച് ഉത്തരവിറക്കി. ഭാവിയിലെ എല്ലാത്തരം വാങ്ങലുകൾക്കും സ്‌റ്റോഴ്സ് പർച്ചേസ് മാന്വൽ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ തുടർന്നും മാന്വൽ പാലിക്കാതെ ചട്ടലംഘനങ്ങൾ നടത്തിയതിന്റെ വിവരങ്ങളും പുറത്തായി. .