കുഴിത്തുറ: മാർത്താണ്ഡത്ത് സ്വർണക്കടകളിൽ വൻ മോഷണം നടത്തിയ പ്രതിയെ തമിഴ്നാട് സ്പെഷ്യൽ സ്ക്വാഡ് പൊലീസ് പിടികൂടി. പ്രതിയുടെ കൈയിൽ നിന്ന് 330 പവൻ സ്വർണവും 2 ബൈക്കുകളും പിടിച്ചെടുത്തു.
എസ്.ടി. മങ്കാട്,പുല്ലാണിവിള നേശമണിയുടെ മകൻ എഡ്വിൻജോസ് (29) ആണ് പിടിയിലായത്. പ്രതി ഡിസംബർ 14ന് മാർത്താണ്ഡം ചിലങ്ക സ്വർണക്കടയിൽ നിന്ന് 140 പവനും ജനുവരി 28ന് മാർത്താണ്ഡം ബസ്സ്റ്റാൻഡിനടുത്തുള്ള ജയശ്രീ സ്വർണക്കടയിൽ നിന്ന് 177പവനും കവരുകയായിരുന്നു. കന്യാകുമാരി ജില്ലാ സൂപ്രണ്ട് ശ്രീനാഥിന്റെ നിർദ്ദേശ പ്രകാരം തക്കല ഡി.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തിൽ കുലശേഖരം എസ്.ഐ സുന്ദരലിംഗം, മാർത്താണ്ഡം എസ്.ഐ ശിവശങ്കർ, കന്യാകുമാരി സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ വിജയൻ, കളിയിക്കാവിള എസ്.ഐ രഘുബാലാജി, തിരുവട്ടാർ എസ്.ഐ അരുളപ്പൻ എന്നിവരുടെ നേതൃത്വത്തിൽ 5 സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്നലെ വൈകിട്ട് മാർത്താണ്ഡം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ് ഇയാളുടെ കാലൊടിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച ശേഷം മാർത്താണ്ഡം സ്വദേശിയും എ.ഡി.എം.കെ ജില്ലാ അംഗവുമായ രമേശ്കുമാറിന്റെ കൈയിൽ കൊടുത്താണ് സ്വർണം വിറ്റിരുന്നത്. രമേശ്കുമാറിന്റെ കൈയിൽ നിന്ന് 88പവൻ പിടിച്ചെടുക്കാനുണ്ടെന്നും ഉടൻ പിടിക്കുമെന്നും പൊലീസ് അറിയിച്ചു.