london-trip

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ, കോളേജ് യൂണിയൻ ചെയർമാൻമാരുടെ വിദേശപരിശീലനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവായി. തിരഞ്ഞെടുക്കപ്പെട്ട 59 സർക്കാർ കോളേജ് യൂണിയൻ ചെയർമാൻമാരാണ് . യു.കെയിലെ കാൻഡിഫ് യൂണിവേഴ്സിറ്റിയിൽ രണ്ട് സംഘങ്ങളായി പരീശിലനത്തിന് പോകുന്നത് ഒന്നേകാൽ കോടിയാണ് ചെലവ്.

ധൂർത്തെന്ന് പറഞ്ഞ് പ്രതിപക്ഷം യാത്രയെ എതിർത്തെങ്കിലും പിന്മാറില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പട്ടിക തയ്യാറാക്കിയത്. കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ ഫ്‌ളെയർ പരിശീലനത്തിന്റെ ഭാഗമായാണ് യാത്ര.

ആകെയുള്ള 66സർക്കാർ കോളേജുകളിൽ നിന്ന് 54 കോളേജുകളിലെ ചെയർമാൻമാരെ തിരഞ്ഞെടുത്തു. ഒപ്പം കണ്ണൂർ, എം.ജി, കുസാറ്റിലെ ലീഗൽ സ്റ്റഡീസ്, നിയമസർവകലാശാല, മലയാള സർവകലാശാല ചെയർമാൻമാരുമുണ്ട്. 30പേരടങ്ങുന്ന ആദ്യ സംഘം മാർച്ച് രണ്ടിന് ബ്രിട്ടനിലെത്തി ആറിന് തിരികെയെത്തും. 29പേരടങ്ങുന്ന രണ്ടാമത്തെ സംഘം മാർച്ച് 23ന് തിരിച്ച് 27ന് മടങ്ങിയെത്തും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പിൽ സെക്രട്ടറി ഉഷാ ടൈറ്റസാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറും തിരഞ്ഞെടുത്ത കോളേജിലെ അദ്ധ്യാപകരും ഉൾപ്പെടെ 65 പേരുമുണ്ട്. ചെയർമാൻമാരിൽ ഭൂരിഭാഗവും എസ്.എഫ്.ഐക്കാരാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ചെയർമാൻ പട്ടികയിലില്ല. അടുത്തിടെ കോളേജിലുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ചെയർമാനെ ഒഴിവാക്കിയതാണെന്നാണ് വിവരം.