തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയായി 12,000 ശൗചാലയങ്ങൾ നിർമ്മിക്കുന്നതിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ഇതിന് മൂന്ന് സെന്റ് വീതം സർക്കാർ ഭൂമി കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും.
പൊതു ശൗചാലയങ്ങളുടെ അഭാവം റോഡ് യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ പ്രയാസമുണ്ടാക്കുന്നു.. പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രവും. ഈ സാഹചര്യത്തിലാണ് 12,000 ജോഡി ശുചിമുറികൾ നിർമ്മിക്കുന്നത്. നിർമ്മാണച്ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം. സഹകരിക്കാൻ തയ്യാറുള്ള ഏജൻസികളെ പങ്കാളികളാക്കും. സർക്കാരിന്റെയും പൊതുമേഖല, സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി പ്രയോജനപ്പെടുത്തും. ശൗചാലയങ്ങളോടൊപ്പം അത്യാവശ്യസാധനങ്ങൾ വിൽക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും..