zoo

തിരുവനന്തപുരം: ചൂട് കടുത്തതോടെ മൃഗശാലയിൽ "കൂൾ മെനു", തണുപ്പിച്ച വെള്ളവും തണ്ണിമത്തനും പഴങ്ങളുമൊക്കെയാണ് അന്തേവാസികൾക്ക് ഭക്ഷണം. ചൂടൻ കിളികൾക്ക് ഷവർബാത്തിൽ കുളിക്കാൻ സൗകര്യമൊരുങ്ങി. അനക്കോണ്ടകളാകട്ടെ എ. സിയുടെ തണുപ്പിലേക്ക് ചുരുണ്ടുമയക്കമായി.

തലസ്ഥാനത്ത് രണ്ടുമുതൽ നാലു ഡിഗ്രി വരെ ചൂടാണ് പെട്ടെന്ന് കൂടിയത്. ചുറ്റും മരങ്ങളും മ്യൂസിയം വളപ്പിലെ എക്കോഫ്രണ്ട്ലി ആംബിയൻസുമൊക്കെയാണെങ്കിലും മൃഗശാലയിലെ അന്തേവാസികൾക്ക് അതൊന്നും പോരെന്നാണ് റിപ്പോർട്ട്.

മിക്കവാറും കൂടുകളിൽ ഫാനും കൂളറും എത്തിയിട്ടുണ്ട്. അതും പോരാത്ത പാമ്പുകൾക്കാണ് എ.സി ഫിറ്റ് ചെയ്ത് കൊടുത്തത്. എന്നാലും പലർക്കും പുറത്തിറങ്ങാൻ മടിയാണ്. ചൂട് താങ്ങാനാവാതെ തണലിലും മാളങ്ങളിലുമെല്ലാം ചുരുണ്ടിരിപ്പാണ് പലരും. കാഴ്ചക്കാരെത്തിയാലും പുറത്തേക്ക് വരാൻ താത്പര്യമില്ല. അതോടെ മൃഗശാലയിലെത്തുന്നവരും നിരാശരാണ്.

മൃഗങ്ങളുടെ ശരീരോഷ്മാവ് നിയന്ത്രിക്കാനായി രാത്രിയിൽ രണ്ട് തവണ കൂടുകളിൽ വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വേനൽക്കാലം കഴിയും വരെ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേക പരിചരണം തുടരുമെന്ന് അധികൃതർ പറഞ്ഞു. കൂടുകളിലെ എല്ലാ കുളങ്ങളിലും വെള്ളം നിറച്ചിട്ടുണ്ട്. ഇതിന് പുറമേ ഷവറുകളും സജ്ജമാക്കിയിട്ടുണ്ട്. ഒട്ടകപക്ഷി, കടുവ, നീലക്കാള, കരടി, ഉരഗങ്ങൾ തുടങ്ങിയവയ്ക്കായി ഫാനും അനാക്കോണ്ട, രാജവെമ്പാല തുടങ്ങിയവയ്ക്ക് എ.സിയും നൽകിയിട്ടുണ്ട്. ചൂടിന്റെ കാഠിന്യം കുറയുന്നതുവരെ രണ്ടു നേരം കുളിപ്പിക്കലും ആരംഭിച്ചിട്ടുണ്ട്. ഒട്ടകപക്ഷിയുടെ കൂട്ടിൽ തണലിനായി ഓലമെടഞ്ഞ പന്തലുകളുമുണ്ട്. ചൂട് പൊതുവെ താങ്ങാൻ കഴിയാത്ത കരടികൾക്ക് തണ്ണിമത്തൻ, മുന്തിരി, ഓറഞ്ച്, ആപ്പിൾ, പഴങ്ങൾ എന്നിവ ഫ്രീസറിൽ വച്ച് ഐസ് ബ്‌ളോക്കാക്കിയാണ് നൽകുന്നത്. പഴങ്ങളിൽ നിന്ന് വൈറ്റമിനുകളുൾപ്പെടെ ആവശ്യത്തിന് പോഷണം ലഭിക്കുന്നതിനൊപ്പം ശരീരത്തിന് തണുപ്പും കിട്ടാനാണ് ഇത്. കഴിഞ്ഞ വർഷം ചൂട് തുടങ്ങിയപ്പോൾ പല കൂടുകളിലും സ്ഥാപിച്ച ഫാനുകൾ അന്ന് എടുത്ത് മാറ്റിയിട്ടുണ്ടായിരുന്നില്ല. അവയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പക്ഷികൾക്ക് വെള്ളത്തിൽ വിറ്റമിൻസും മിനറൽസും ചേർത്ത് നൽകുന്നു.

വേനൽ സന്ദർശകരെയും ബാധിച്ചു

വേനലിന്റെ ആധിക്യം ഏറിയതോടെ സന്ദർശകരുടെ എണ്ണത്തിലും കാര്യമായ കുറവു വന്നിട്ടുണ്ട്. ഇതിന് പുറമേ പരീക്ഷാക്കാലം തുടങ്ങിയതും ഇതര ജില്ലകളിൽ നിന്നുള്ളവരുടെ വരവിൽ പ്രതിഫലിക്കുന്നുണ്ട്.

വേനൽ ഇത്തവണ പതിവിലും നേരത്തെയെത്തി. ഇത് മുന്നിൽ കണ്ട് പക്ഷിമൃഗാദികൾക്ക് വേണ്ട സജ്ജീകരണങ്ങൾ നേരത്തെ തന്നെ ഒരുക്കിയിരുന്നു. അതുകൊണ്ട് കാര്യമായ പ്രശ്നങ്ങൾ ഇല്ല. വേനൽക്കാലം കഴിയുന്നതുവരെ പ്രത്യേക പരിചരണം തുടരും. സന്ദർശകരുടെ കാര്യത്തിൽ വേനൽക്കാലത്തെ പതിവ് കുറവു തന്നെയാണ്. അത് ഇൗ രണ്ടു മാസം കഴിയുന്നതോടെ മാറും.

- പി.വി. അനിൽകുമാ‌ർ മൃഗശാല സൂപ്രണ്ട്.