ചിറയിൻകീഴ്: സ്വകാര്യ ബസ് ഡ്രൈവറെ ചിറയിൻകീഴ് എസ്.ഐ മർദ്ദിച്ചതായി പരാതി. ഒറ്റൂർ മൂഴിയിൽ ലീലാമന്ദിരത്തിൽ വിജോയ്‌യെ (31) ആണ് മർദ്ദിച്ചത്. ഇത് സംബന്ധിച്ച് ഡി.ജി.പി, ചിറയിൻകീഴ് സി.ഐ എന്നിവർക്ക് വിജോയ് പരാതി നൽകിയിട്ടുണ്ട്. ചിറയിൻകീഴ് വർക്കല ക്ഷേത്രം റൂട്ടിലെ ലൈവ് ബസിലെ ഡ്രൈവറാണ് വിജോയ്. വർക്കല ക്ഷേത്രത്തിൽ നിന്ന് വരികയായിരുന്ന ബസ് ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടച്ചിരുന്നതിനെത്തുടർന്ന് നിറുത്തിയിട്ടിരിക്കുകയായിരുന്നു. ശാർക്കര പൊങ്കാല ദിവസമായിരുന്നതിനാൽ റോഡിൽ നല്ല തിരക്കുമുണ്ടായിരുന്നു. ബസ് മാറ്റിയിടണമെന്ന് എസ്.ഐ പറഞ്ഞെങ്കിലും ട്രാഫിക് ബ്ലോക്കായതിനാൽ വണ്ടി പിന്നോട്ടെടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് എസ്.ഐ ബസിനുള്ളിലേക്ക് കയറി മൊബൈൽ ഫോൺ എടുക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ വിജോയിയെ മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് ഇയാളെ ജീപ്പിൽ വച്ചും ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ വച്ചും മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പിറ്റേദിവസം വിജോയിയെ വിട്ടയച്ചു. തുടർന്ന് ഇയാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മർദ്ദന വിവരം പുറത്തുപറഞ്ഞാൽ കഞ്ചാവു കേസിൽ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.