കായിക ലോകത്തെ ഒാസ്കാർ എന്ന് വിശേഷിപ്പിക്കുന്ന ലോറസ് പുരസ്കാരത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി സ്വന്തമാക്കി സച്ചിൻ ടെൻഡുൽക്കർ ഒരിക്കൽക്കൂടി നമ്മുടെ അഭിമാനമായിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തിനുള്ള ലോറസ് പുരസ്കാരമാണ് കഴിഞ്ഞ രാത്രി ബർലിനിൽ നടന്ന ചടങ്ങിൽ സച്ചിൻ ഏറ്റുവാങ്ങിയത്. 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കയെ കീഴടക്കിയ ശേഷം മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിനെയും തോളിലേറ്റി സഹതാരങ്ങൾ നടത്തിയ പ്രദക്ഷിണമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 'ഒരു രാഷ്ട്രത്തിന്റെ ചുമലിലേറിയ നിമിഷം" എന്നാണ് കൊഹ്ലിയും യുവ്രാജ്സിംഗും യൂസഫ് പഠാനും സുരേഷ് റെയ്നയും ശ്രീശാന്തുമൊക്കെ ചേർന്ന് തോളിലേറ്റിയ, ദേശീയ പതാകയും വീശിനിൽക്കുന്ന സച്ചിന്റെ ചിത്രത്തിന് അവാർഡ് കമ്മിറ്റി നൽകിയ അടിക്കുറിപ്പ്. കളിക്കളത്തിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യൻ കായികരംഗത്ത് ഒളിമങ്ങാതെ നിൽക്കുന്ന വ്യക്തിത്വമാണ് സച്ചിൻ ടെൻഡുൽക്കർ. നീണ്ട 24 വർഷക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായിരുന്ന മനുഷ്യൻ. ക്രിക്കറ്റിന്റെ ദൈവമെന്നും മാസ്റ്റർ ബ്ളാസ്റ്ററെന്നുമൊക്കെ നിരൂപകരും ആരാധകരും ചേർന്ന് വാഴ്ത്തിയ അത്ഭുതപ്രതിഭ. ഉയരങ്ങളിലേക്ക് പോകുമ്പോഴും വാക്കിലെയും പ്രവൃത്തിയിലെയും വിനയം കൊണ്ട് ഹൃദയം കവർന്ന കുറിയ മനുഷ്യൻ.
ലോറസ് പുരസ്കാരത്തിന് അർഹമായ ഇൗ മുഹൂർത്തം സച്ചിന്റെ മാത്രമല്ല ഇന്ത്യൻ കായിക രംഗത്തിന്റെ തന്നെ സുവർണ നിമിഷമാണ്. ഒരുമത്സരം ജയിച്ചു കഴിയുമ്പോൾ സഹകളിക്കാരുടെ ആഹ്ളാദപ്രകടനം എന്നതിനപ്പുറത്തേക്ക് ഇൗ ചിത്രം വിളംബരം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ഡാവിഞ്ചിയുടെ 'മൊണോലിസ"യെപ്പോലെ ഇനിയും വ്യഖ്യാനിച്ചു തീർത്തിട്ടില്ലാത്ത അർത്ഥതലങ്ങൾ ഇൗ ചിത്രത്തിലുണ്ട്. കളിക്കാരനായി അഞ്ചുലോകകപ്പുകളുടെ കാത്തിരിപ്പിനു ശേഷം കിട്ടിയ കനകത്തിന്റെ പ്രഭ മുഴുവൻ അന്ന് സച്ചിന്റെ കണ്ണുകളിലുണ്ടായിരുന്നു.കൂട്ടുകാരുടെ തോളിലേറ്റപ്പെട്ട സച്ചിന്റെ ചിത്രം 24 വർഷക്കാലം നീണ്ട ആ മനുഷ്യന്റെ ക്രിക്കറ്റ് കരിയറിന്റെ ആകെത്തുകയാണ്. കളിക്കാലം മുഴുവൻ ഇന്ത്യൻ ക്രിക്കറ്റിനെ സ്വന്തം തോളിലേറ്റിയ ഇതിഹാസത്തെ അതേ ടീം, അതിനുമപ്പുറം ഒരു രാജ്യം ഒന്നടങ്കം ചുമലിലേറ്റിയ നിമിഷം. സച്ചിൻ എന്ന ഇതിഹാസം പൂർണതയിലെത്തിയ നിമിഷം. ഇന്ത്യൻ ക്രിക്കറ്റിന് ഉയർത്തിപ്പിടിക്കാൻ ലഭിച്ച ഏറ്റവും വലിയ ഏത് ട്രോഫിയാണ് സച്ചിൻ.
കൂട്ടുകാരുടെ ചുമലിലേറി ദേശീയ പതാകയും വീശി വാങ്കഡെയെ വലംവയ്ക്കുന്ന സച്ചിന്റെ ചിത്രം ഇപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ മനസിൽ അന്നത്തെ ആരവങ്ങൾ അതേ ശക്തിയിൽ ഉയർത്തും. ആ ലോകകപ്പ് സച്ചിനും ഇന്ത്യയ്ക്കും അത്രമാത്രം പ്രിയപ്പെട്ടതായിരുന്നു .1983 ജൂലായ് 25ന് ഇംഗ്ളണ്ടിലെ ലോഡ്സ് മൈതാനത്ത് അന്നത്തെ മുടിചൂടാമന്നൻമാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് കപിലിന്റെ ചെകുത്താൻമാർ പ്രൂഡൻഷ്യൽ കപ്പുയർത്തിയത് ടെലിവിഷനിൽ കണ്ടപ്പോഴാണ് കുഞ്ഞുസച്ചിൻ ലോകകപ്പ് നേട്ടം നാടിന്റെ ആഘോഷമായി മാറുന്നതെങ്ങനെയെന്ന് തിരിച്ചറിഞ്ഞത്.
1987 ൽ ഇന്ത്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോൾ വാങ്കഡെ സ്റ്റേഡിയത്തിലെ ബൗണ്ടറി ലൈനിന് പുറത്ത് ബാൾബോയ് കുപ്പായത്തിൽ സച്ചിനുമുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം 2011 ലോകകപ്പിൽ സച്ചിന്റെ മകൻ അർജുനും ബാൾബോയ് വേഷത്തിലുണ്ടായിരുന്നത് മറ്റൊരു കൗതുകം. 1992 ലാണ് ഇന്ത്യൻ ജഴ്സിയണിഞ്ഞ് സച്ചിൻ ആദ്യ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. 1996 ൽ റൺസൊഴുകുന്ന ബാറ്റുമായി സച്ചിൻ നിറഞ്ഞുകളിച്ചിട്ടും ശ്രീലങ്കയ്ക്കെതിരായ സെമിഫൈനലിൽ ഇന്ത്യ തകർന്നുവീണു. 1999 ൽ സ്വന്തം പിതാവിന്റെ ചിത കത്തിത്തീരുംമുമ്പേ കളിക്കളത്തിലേക്ക് മടങ്ങിവന്ന് സെഞ്ച്വറിയടിച്ചിട്ടും ടീം അവിശ്വസനീയമാംവിധം സൂപ്പർ സിക്സ് റൗണ്ടിൽ സിംബ്ബാബെയോട് തോറ്റ് പുറത്തായി. 2003ൽ ഗാംഗുലിയുടെ അമാനുഷിക നേതൃത്വത്തിൽ ഫൈനൽ വരെയെത്തി പൊലിഞ്ഞു. 2007ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ദാരുണാവസ്ഥ.
റെക്കാഡുകൾ ഒന്നൊന്നായി കീഴടക്കുമ്പോഴും റൺ മലയേറുമ്പോഴും ലോകകപ്പ് എന്ന ലക്ഷ്യം സച്ചിനെ അകന്നുനിന്നു. എക്കാലത്തെയും മികച്ച കളിക്കാരൻ ഒപ്പമുണ്ടായിരുന്നിട്ടും ലോകകപ്പിൽ മുത്തമിടാൻ കഴിയാത്ത നിർഭാഗ്യവാന്മാരുടെ സംഘമായി ഇന്ത്യ മാറി. 1983 മുതൽ സച്ചിനും ഇന്ത്യയും കൊതിച്ച ആ കിരീടം 28 വർഷത്തിന്റെ കാത്തിരിപ്പിനുശേഷമാണ് മഹേന്ദ്ര സിംഗ് ധോണി നയിച്ച ടീം തിരിച്ചുപിടിച്ചത്.
സച്ചിന്റെ പുരസ്കാരലബ്ധിയിൽ നന്ദിപൂർവം സ്മരിക്കേണ്ട ഒരുപാടുപേരുണ്ട്. കഴിവും പ്രയത്നവും ഭാഗ്യവും വിളക്കിച്ചേർത്ത നായകശേഷിക്കുടമയായ ധോണി, ബാറ്റ് കൊണ്ടും ബാളുകൊണ്ടും വിസ്മയം സൃഷ്ടിച്ച് ലോകകപ്പിൽ മാൻ ഒഫ് ദ സിരീസ് ആയ യുവ്രാജ് സിംഗ്, ഫൈനലിലെ അനുപമസുന്ദര ഇന്നിംഗ്സിന്റെ ഉടമ ഗൗതം ഗംഭീർ തുടങ്ങി ഒാരോ അണുവിലും ആവേശത്തോടെ കളിച്ച എല്ലാ കളിക്കാരും അനുമോദനത്തിനർഹരാണ്. സച്ചിനുവേണ്ടി ലോകകപ്പ് നേടുക എന്നതായിരുന്നു അന്ന് തന്നെ മുന്നോട്ടു നയിച്ച ഏക ചിന്തയെന്ന് പിന്നീട് യുവ്രാജ് സിംഗ് വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് യുവിയുടെ ശ്വാസകോശത്തെ അർബുദം കാർന്നുതിന്നാൻ തുടങ്ങിയിരുന്നുവെന്നു കൂടി അറിയണം. പ്രതിസന്ധികളിൽ തളരാതെ ലക്ഷ്യബോധവുമായി പ്രയത്നിക്കുന്നവരെ തേടി ഒരുനാൾ വിജയം എത്തും എന്നതിന്റെ വിളംബരം കൂടിയാണ് സച്ചിന്റെ ലോകകപ്പ് നേട്ടം. ഇതുപോലെയുള്ള ധന്യമുഹൂർത്തങ്ങൾ ഇനിയും പിറക്കട്ടെ.