ആ​റ്റിങ്ങൽ: ആറ്റിങ്ങലിന്റെ കുരുക്കഴിക്കുമെന്ന് പ്രതീക്ഷിക്കുന്ന നിർദ്ദിഷ്ട ആ​റ്റിങ്ങൽ ബൈപാസുൾപ്പെടുന്ന ദേശീയപാത വികസനത്തിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിൽ. പദ്ധതിക്കായി ഭൂമി ​ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുമെന്നും കിഫ്ബി വഴി ഇതിനായി തുക കണ്ടെത്തുമെന്നുമാണ് വിവരം. സ്ഥലമേ​റ്റെടുക്കുന്നതിനുള്ള 3എ വിജ്ഞാപനം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ വിജ്ഞാപന കാലാവധി അവസാനിക്കുന്നതിനുമുമ്പ് ഏ​റ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച രേഖകൾ സമർപ്പിച്ചെങ്കിലും 3ഡി വിജ്ഞാപനത്തിനുള്ള നടപടികളുണ്ടായില്ല. ഇതുകാരണമാണ് 3എ വിജ്ഞാപനം മുതൽ പദ്ധതി ആവിഷ്‌കരിക്കേണ്ടി വന്നതെന്ന് അധികൃതർ പറഞ്ഞു. ഏ​റ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച എല്ലാ രേഖകളും ദേശീയപാതാവിഭാഗത്തിന് റവന്യുവകുപ്പ് കൈമാറിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള പ്രതിഷേധം പരിഹരിക്കണം.


‌ആറ്റിങ്ങൽ ബൈപാസ് വികസനം
---------------------------------------------------------------------

കടമ്പാട്ടുകോണം - കഴക്കൂട്ടം പാതാവികസനത്തിലാണ് ആ​റ്റിങ്ങൽ ബൈപാസ് ഉൾപ്പെടുന്നത്. കല്ലമ്പലം ആഴാംകോണത്തുനിന്നു തുടങ്ങി ആ​റ്റിങ്ങൽ മാമത്ത് അവസാനിക്കുന്നതാണിത്. കടമ്പാട്ടുകോണം മുതൽ മാമം വരെയുള്ള ഭൂമിയേ​റ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനായി ആ​റ്റിങ്ങലിൽ സ്‌പെഷ്യൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ എട്ട് വില്ലേജുകളിൽ നിന്നാണ് ഭൂമിയേ​റ്റെടുക്കേണ്ടത്.

പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്
---------------------------------------------------

1332 സബ്ഡിവിഷനുകൾ
50.8763 ഹെക്ടർ ഭൂമി

 17 കിലോമീ​റ്റർ റോഡ്
 45 മീ​റ്റർ വീതി

നിലവിലെ അവസ്ഥ
-------------------------------------
1. ത്രീ എ വിജ്ഞാപനം പൂ‌ർത്തിയായി
2. 25 % തുക സർക്കാർ വഹിക്കും
3. സ്ഥലമേറ്റെടുപ്പിൽ തർക്കങ്ങൾ
4. ഭൂമിയുടെ രേഖകൾ കൈമാറി
5. എൻ.എച്ച്.എ.ഐയുടെ അപ്രൂവലായി

ആ​റ്റിങ്ങൽ ബൈപാസ് നിർമ്മാണം സമയബന്ധിതമായി നടപ്പിലാക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്. മൂന്ന് തവണ ത്രി എ നോട്ടിഫിക്കേഷൻ ലാപ്‌സായി. ജൂൺ 21നും നവംബർ 18നും ആ​റ്റിങ്ങൽ ബൈപാസ് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ച ശേഷം മന്ത്റി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിച്ചു. ഇതിന്റെ ഫലമായി ത്രി എ നോട്ടിഫിക്കേഷൻ നവംബർ 30ന് അപ്‌ലോഡ് ചെയ്‌തു. എൻ.എച്ച്.എ.ഐയുടെ അപ്രൂവലും ലഭിച്ചിട്ടുണ്ട്. 3ഡി നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ ഭൂമി ഏ​റ്റെടുക്കലും ടെൻഡറും നടക്കും.

അടൂർ പ്രകാശ് എം.പി